| Friday, 7th June 2024, 12:23 pm

'വയലാർ എഴുതുമോ ഇതുപോലെ' എന്ന സാധനമൊക്കെ ആ ലെജന്റ് നൽകിയ ടിപ്പിൽ നിന്ന് ഉണ്ടാക്കിയതാണ്: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലൂടെയാണ് ജിസ് ജോയ് സംവിധായാകനായി കരിയർ തുടങ്ങുന്നത്. സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ഫീൽ ഗുഡ് സിനിമകളുടെ സംവിധായകൻ എന്ന പേരിൽ ജിസ് അറിയപ്പെടാൻ തുടങ്ങി.

നടൻ ശ്രീനിവാസൻ നൽകിയ ഒരു ടിപ്പിനെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. ഒരു കഥ എഴുതുമ്പോൾ എപ്പോഴും ഒരു കുസൃതി വേണമെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ടെന്നും അത് നല്ല ടിപ്പായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ജിസ് ജോയ് പറയുന്നു. ഒരിക്കൽ വിനീത് ശ്രീനിവാസനും അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ജിസ് ജോയ് റിപ്പോർട്ടർ ടി.വിയോട് പറഞ്ഞു.

‘സിനിമ എഴുതുമ്പോൾ മനസിൽ എപ്പോഴും ഒരു കുസൃതി വേണമെന്ന് ശ്രീനിയേട്ടൻ പറഞ്ഞിട്ടുണ്ട്. എന്തുതരം സിനിമയാണെങ്കിലും ത്രില്ലർ ആയിക്കോട്ടെ, ഫീൽ ഗുഡ് ആവട്ടെ.

നമ്മുടെ ഉള്ളിലൊരു കുസൃതി കിടക്കുന്നത് നല്ലതാണെന്ന് പറയും. അത് നല്ലൊരു ടിപ്പ് ആയിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുവരുമ്പോഴാണ് നമുക്ക് ഈ പറഞ്ഞ പോലെ, വയലാർ എഴുതുമോ ഇതുപോലെ എന്ന സാധനമൊക്കെ വരുക.

അതൊക്കെ ആ സമയത്ത് എഴുതി വെക്കാൻ തോന്നുന്നത് അതുകൊണ്ടാണ്. അല്ലെങ്കിൽ നമ്മൾ ആലോചിക്കുക പോലും ചെയ്യില്ല. തലവനിലെ ജാഫറിന്റെ കഥാപാത്രമെല്ലാം ആ നോട്ടിനെസിൽ നിന്നുണ്ടായതാണ്.

ശ്രീനിയേട്ടനെ പോലൊരു ലെജന്റ് അങ്ങനെ പറഞ്ഞ് തന്നത് കൊണ്ടാണത്. ഒരിക്കൽ വിനീത് ശ്രീനിവാസനൊപ്പം ഒരു ആഡ് ഫിലിം ചെയ്തിരുന്നു. വടക്കൻ സെൽഫിയുടെ ടൈമിൽ ആണെന്ന് തോന്നുന്നു. അന്ന് ഡബ്ബ് ചെയ്യുന്ന സമയത്ത് ഞാൻ ചോദിച്ചിരുന്നു, അച്ഛന്റെ വല്ല ഉപദേശവും കിട്ടിയിട്ടുണ്ടോയെന്ന്.

വിനീത് പറഞ്ഞത്, അച്ഛൻ പറഞ്ഞിട്ടുള്ളത് മനസിൽ ഒരു കുസൃതി ഇട്ടോണ്ട് എഴുതണം എന്നാണ്. ഞാൻ പറഞ്ഞ് ഇത് എന്നോട് പറഞ്ഞിട്ടുണ്ടെന്ന്,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About Sreenivasan

We use cookies to give you the best possible experience. Learn more