ഈ വേഷം ആസിഫ് ചെയ്താൽ ഉഗ്രനാവുമെന്ന് പൃഥ്വി, തനിക്ക് ഓപ്പോസിറ്റായി ആസിഫ് അഭിനയിക്കുമോയെന്നും രാജു ചോദിച്ചു: ജിസ് ജോയ്
Entertainment
ഈ വേഷം ആസിഫ് ചെയ്താൽ ഉഗ്രനാവുമെന്ന് പൃഥ്വി, തനിക്ക് ഓപ്പോസിറ്റായി ആസിഫ് അഭിനയിക്കുമോയെന്നും രാജു ചോദിച്ചു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st June 2024, 1:56 pm

തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരിക്കൽ നടൻ പൃഥ്വിരാജിനടുത്ത് കഥ പറയാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വൈശാഖ്. കഥ പൃഥ്വിരാജിന് ഒരുപാട് ഇഷ്ടമായെന്നും ചിത്രത്തിലെ ഗ്രേ ഷെയ്ഡുള്ള കഥാപാത്രത്തിലേക്ക് പൃഥ്വി ആസിഫ് അലിയുടെ പേരാണ് നിർദേശിച്ചതെന്നും ജിസ് ജോയ് പറയുന്നു. പല സമയത്തും അഭിനയിക്കുന്ന സിനിമയിലേക്ക് ആസിഫ് അലിയെ പരിഗണിച്ചിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജെന്നും ജിസ് ജോയ് പറഞ്ഞു. ഇന്ത്യൻ സിനിമ ഗാലറിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പത്ത് വർഷം മുമ്പ് ഡബിൾ ബാരൽ എന്ന ചിത്രത്തിന്റെ ഷൂട്ട്‌ ഗോവയിൽ നടക്കുമ്പോൾ ഞാൻ പൃഥ്വിയെ കാണാൻ പോയിരുന്നു. ഞാനും മറ്റൊരു വലിയ റൈറ്ററും കൂടെയാണ് കഥാപറയാൻ പോയത്.

ആസിഫിനെ ഞാൻ അവിടെ വെച്ച് കണ്ടിരുന്നു. അങ്ങനെ ഗോവയിലെത്തി ഞങ്ങൾ പൃഥ്വിയോട് കഥ പറയാനിരുന്നു. രാജു ഒരു ഷോട്ട് കഴിഞ്ഞ് നേരെ ഞങ്ങളുടെ കഥ കേൾക്കാനായി വന്നിരിക്കുകയായിരുന്നു.

ഒരു ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ കഥ പറഞ്ഞുകൊടുത്തു. പൃഥ്വിക്ക് കഥ നന്നായി ഇഷ്ടപ്പെട്ടു. നമുക്കത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കഥാപത്രമുള്ള സിനിമയാണത്. ഒരാൾ ഓപ്പോസിറ്റ് കഥാപാത്രം ചെയ്യണം.

ഞാനിങ്ങനെ മൂന്നാല് ഓപ്ഷൻസ് പറഞ്ഞപ്പോൾ പെട്ടെന്ന് പൃഥ്വി ഇങ്ങോട്ട് തിരിച്ചു പറഞ്ഞ പേർ ആസിഫ് അലിയുടേതായിരുന്നു. പൃഥ്വി പറഞ്ഞത് ആ കഥാപാത്രം ആസിഫ് അലി ചെയ്താൽ ഉഗ്രൻ ആയിരിക്കും എന്നായിരുന്നു. എന്റെ ഓപ്പോസിറ്റ് ഒരു കഥാപാത്രം ആസിഫ് ചെയ്യുമോയെന്നും രാജു ചോദിച്ചു. കാരണം കുറച്ച് ഗ്രേ ഷെയ്ഡുള്ള കഥാപാത്രമാണത്.

അത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായി. ഞാൻ ഓൾറെഡി ബൈസിക്കിൾ തീവ്സ് ചെയ്തിട്ടുണ്ട് ആ സമയത്ത്. അങ്ങനെ പല സമയത്തും ആസിഫിനെ സിനിമകളിൽ പരിഗണിക്കുന്ന ആളുകൂടെയാണ് അദ്ദേഹം,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About Prithviraj