| Tuesday, 28th May 2024, 10:29 am

അടുത്തറിയുന്ന ആളായിട്ടും ആ രണ്ട് സിനിമകളിൽ എനിക്ക് ആസിഫിനെ കാണാൻ കഴിഞ്ഞില്ല: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ജിസ് ജോയ്. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയതോടെ മലയാളത്തിലെ ഫീൽ ഗുഡ് സിനിമകളുടെ സംവിധായകൻ എന്ന പേരിൽ ജിസ് ജോയ് അറിയപ്പെടാൻ തുടങ്ങി.

എന്നാൽ ഏറ്റവും പുതിയ ചിത്രമായ തലവൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി തലവനുണ്ട്. ആസിഫ് അലിയുടെയും ബിജു മേനോനിന്റെയും തനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് ജിസ് ജോയ്.

ആസിഫ് അലിയുടെ ഉയരെയിലെയും കെട്ട്യോളാണ് എന്റെ മാലാഖയിലെയും പ്രകടനം തന്നെ ഞെട്ടിച്ചെന്നും ആർക്കറിയാം എന്ന ചിത്രത്തിലെ ബിജു മേനോന്റെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിസ് ജോയ് പറയുന്നു.

‘ആസിഫിന്റെ കഥാപാത്രങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുത്തിയ ഒരു കഥാപാത്രം എന്ന് പറയുന്നത് കെട്ട്യോളാണ് എന്റെ മാലഖയിലെ സ്ലീവാച്ചനാണ്. അതുപോലെ ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രം. ഇത്രയും അടുത്തറിയുന്ന ആളാണെങ്കിൽ പോലും എനിക്ക് അതിനകത്ത് എവിടെയും ആസിഫിനെ കാണാൻ പറ്റിയിട്ടില്ല.

അയ്യപ്പനും കോശിയുമൊക്കെ അവിടെ നിക്കട്ടെ ഞാൻ ഞെട്ടി പോയ ബിജുവേട്ടന്റെ കഥാപാത്രം ആർക്കറിയാം എന്ന ചിത്രമാണ്. അതൊരു വല്ലാത്ത പരിപാടിയായിരുന്നു. ഞാൻ ഇങ്ങനെ ഇരുന്ന് ആലോചിക്കുകയും ചെയ്തിട്ടുള്ള ഒരു പരിപാടിയാണ്. എങ്ങനെയാണ് അത് ചെയ്തത് എന്നാണ് ഞാൻ ഓർത്തത്.

ഇത്തരത്തിൽ കഥാപാത്രങ്ങൾ കാണുന്ന രണ്ടുപേരെ നമ്മുടെ കൈയിൽ കിട്ടിയിട്ട് അത് മോശമാക്കരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു.

ആദ്യത്തെ എഡിറ്റ്‌ കണ്ടപ്പോൾ എനിക്ക് തോന്നിയതും ഞങ്ങൾ മോശമാക്കിയിട്ടില്ല എന്നാണ്. ബാക്കി പ്രേക്ഷകരാണ് പറയേണ്ടത്. ഞങ്ങൾ ഒന്നും വാദിക്കുന്നില്ല. പരിമിതമായ എന്റെ ബുദ്ധിയിൽ നിന്ന് കൊണ്ട് ഞാൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About Performance Of Asif Ali In Uyare And Kettyolanent Malagha

We use cookies to give you the best possible experience. Learn more