ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്തപ്പോൾ മമ്മൂക്ക എന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു: ജിസ് ജോയ്
Entertainment
ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്തപ്പോൾ മമ്മൂക്ക എന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th May 2024, 8:29 am

ജിസ് ജോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് തലവൻ. ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു പൊലീസ് കഥയാണ് പറയുന്നത്.

ചിത്രം മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുകയാണ്. ജിസ് ജോയ് ഒരുക്കിയ സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു ചിത്രമാണ് തലവൻ.

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. താൻ മമ്മൂട്ടിയുടെ വലിയ ആരാധകൻ ആണെന്നും ചെറിയ കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്തപ്പോളടക്കം മമ്മൂട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ടെന്നും ജിസ് ജോയ് പറയുന്നു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘മമ്മൂക്കക്ക് ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചിരുന്നു. കാരണം ഞാൻ അദ്ദേഹത്തിന്റെ ഒരു ഡൈ ഹാർഡ് ഫാനാണ്. ഞാൻ വളരെ ചെറിയ കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്തപ്പോൾ പോലും എന്നെ ഇങ്ങോട്ട് വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട് എന്ന് നേരിട്ടും പലവട്ടം പറഞ്ഞിട്ടുണ്ട്.

ബ്ലാക്ക് എന്ന സിനിമയിൽ ഞാനൊരു കഥാപാത്രത്തിന് ഡബ്ബ് ചെയ്തിട്ടുണ്ട്. അതിന് അദ്ദേഹം എന്നെ സ്റ്റുഡിയോയിലേക്ക് വിളിച്ച് നേരിട്ട് അഭിനന്ദിച്ചിരുന്നു. പക്ഷെ അദ്ദേഹത്തെ വെച്ച് ഒരു പരസ്യമോ സിനിമയോ ഡയറക്റ്റ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല,’ജിസ് ജോയ് പറയുന്നു.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർ തലവൻ എന്ന പേരിൽ ഒരു പാട്ട് പുറത്തുവിട്ടിരുന്നു. ദീപക് ദേവ് ആയിരുന്നു ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടർ. തലവൻ എന്ന പാട്ട് സിനിമയെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ടെന്നും ആ പാട്ടിൽ മോഹൻലാൽ നടന്ന് വരുന്ന ഒരു എഡിറ്റഡ് വീഡിയോ കണ്ടപ്പോഴാണ് അതിന്റെ ഇമ്പാക്ട് തനിക്ക് മനസിലായതെന്നും ആസിഫ് അലിയും പറഞ്ഞു.

‘തലവൻ എന്ന ടൈറ്റിൽ സോങ് വലിയ രീതിയിൽ ഈ സിനിമയെ സഹായിച്ചിട്ടുണ്ട്. നമ്മൾ ട്രെയ്ലർ വരുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുന്നെയാണ് ആ പാട്ട് പുറത്ത് വിടുന്നത്.

അത് കഴിഞ്ഞ് ഞങ്ങൾ കാണുന്നത് ലാലേട്ടൻ ഒരു ലൊക്കേഷനിൽ ചെന്ന് ഇറങ്ങുമ്പോൾ ആ പാട്ട് ഇട്ടുകൊടുത്ത ഒരു വീഡിയോയാണ്. അതൊരു ഇൻസ്റ്റാഗ്രാം റീലാണ്. ഈ സോങ്ങിൽ ലാൽ സാർ നടന്നു വരുന്ന ഒരു വീഡിയോ കണ്ടാപ്പോഴാണ് അതിന്റെ ഒരു ഇമ്പാക്ട് എനിക്ക് മനസിലായത്,’ആസിഫ് അലി പറയുന്നു.

 

Content Highlight: Jis Joy Talk About Mammootty