പകരം വെക്കാനില്ലാത്ത നടിയായിരുന്നു കെ.പി.എ.സി ലളിത. നാടക വേദികളിൽ നിന്ന് സിനിമയിലെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു. സത്യൻ അന്തിക്കാട്, കമൽ, ഭരതൻ തുടങ്ങിയ സംവിധായകരുടെ സിനിമയിൽ സ്ഥിര സാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത.
പുതിയ സംവിധായകരിൽ കെ.പി.എ.സി ലളിതയെ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകനാണ് ജിസ് ജോയ്. സൺഡേ ഹോളിഡേ എന്ന ചിത്രത്തിന് ശേഷം ട്രോൾ പേജുകളിൽ സ്ഥിരമായി കാണുന്ന ഡയലോഗാണ്, എതിരെ നിൽക്കുന്നവരുടെ ഉള്ളൊന്ന് അറിയാൻ ശ്രമിച്ചാൽ എല്ലാവരും പാവങ്ങളാണ് എന്നത്.
സിനിമയിൽ കെ.പി.എ.സി ലളിതയാണ് ഈ ഡയലോഗ് പറയുന്നത്. ആ ട്രോളുകളൊക്കെ താൻ എൻജോയ് ചെയ്യാറുണ്ടെന്ന് പറയുകയാണ് ജിസ് ജോയ്. ട്രോൾ കാണുമ്പോൾ കെ.പി.എ.സി ലളിതയെയാണ് ഓർമ വരുകയെന്നും തന്റെ ആദ്യ ചിത്രം മുതൽ കെ.പി.എ.സി ലളിത കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി.വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.
‘സത്യം പറഞ്ഞാൽ ആ ട്രോളൊക്കെ കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്നെയും ഒരുപാടാളുകൾ ട്രോളിയിരുന്നത് ആ ഒരു ഡയലോഗിലൂടെയാണ്. പക്ഷെ അങ്ങനെ ട്രോളുമ്പോൾ പോലും അതിന് ലളിത ചേച്ചിയുടെ മുഖമാണ്.
ഇത്രയും ലെജൻഡായിട്ടുള്ള ചില മനുഷ്യരെയും അഭിനേതാക്കളെയും എന്റെ സിനിമയിൽ ഉൾപ്പെടുത്തണമെന്നത് കരിയറിന്റെ തുടക്കം മുതലുള്ള ആഗ്രഹമാണ്. അതിന്റെ ഭാഗമായാണ് ആദ്യത്തെ സിനിമ ആലോചിക്കുമ്പോൾ തന്നെ ലളിത ചേച്ചിയെ കുറിച്ച് ആലോചിച്ചത്.
ബൈസിക്കിൾ തീവ്സ് ആയിരുന്നു എന്റെ ആദ്യ സിനിമ. 2013ലാണ് ആ ചിത്രത്തിന്റെ ഷൂട്ട് നടന്നത്. ബൈസിക്കിൾ തീവ്സിൽ ലളിത ചേച്ചി ചെയ്തത് വളരെ ഇമ്പോർട്ടന്റായ ഒരു കഥാപാത്രത്തെയാണ്. ഒരു അഞ്ച് പ്രധാന അഭിനേതാക്കൾ മാത്രമുള്ള ഒരു സിനിമയാണത്.