ഓട്ടോഗ്രാഫിനായി ഞാൻ ലാലേട്ടന് കിരീടത്തിന്റെ ബുക്ക്‌ നൽകി, എന്തുകൊണ്ട് ഈ പുസ്തകമെന്ന് അദ്ദേഹം ചോദിച്ചു: ജിസ് ജോയ്
Entertainment
ഓട്ടോഗ്രാഫിനായി ഞാൻ ലാലേട്ടന് കിരീടത്തിന്റെ ബുക്ക്‌ നൽകി, എന്തുകൊണ്ട് ഈ പുസ്തകമെന്ന് അദ്ദേഹം ചോദിച്ചു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st May 2024, 8:41 am

തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പറും സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയ ഫീൽ ഗുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിസ് ജോയ്. എന്നാൽ ഏറ്റവും പുതിയ സിനിമയായ തലവൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.

ഒരു പരസ്യ ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറയാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്. സംസാരിക്കുന്നതിനിടയിൽ ഓട്ടോഗ്രാഫിനായി താൻ മോഹൻലാലിന് നൽകിയത് കിരീടം എന്ന ചിത്രത്തിന്റെ പുസ്തകരൂപമായിരുന്നുവെന്നും എന്തുകൊണ്ടാണ് ആ പുസ്തകം തെരഞ്ഞെടുത്തതെന്ന് മോഹൻലാൽ ചോദിച്ചെന്നും ജിസ് ജോയ് പറയുന്നു. വണ്ടർവാൾ മീഡിയ നെറ്റ്‌വർക്കിനോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ഞാൻ അദ്ദേഹത്തിന് കിരീടത്തിന്റെ ബുക്ക്‌ കൊടുത്തു. എന്താണ് ചെയ്യേണ്ടതെന്ന് ലാലേട്ടൻ ചോദിച്ചു. ഞാൻ ഇതിനകത്തൊരു ഓട്ടോഗ്രാഫ് തരാമോയെന്ന് ചോദിച്ചു. പിന്നെന്താ മോനേയെന്ന് പറഞ്ഞ് അദ്ദേഹം അത് എന്റെ കയ്യിൽ നിന്ന് വാങ്ങി, പ്രിയപ്പെട്ട ജിസിന് സ്നേഹപൂർവ്വം മോഹൻലാൽ എന്നെഴുതി.

ഇതാണ് എന്റെ വീട്ടിൽ കയറുമ്പോൾ ആദ്യം തന്നെ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ളത്. ആ ബുക്ക്‌ കൊടുത്തപ്പോൾ പുള്ളി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്. മോനെ എന്തുകൊണ്ട് ഈ പുസ്തകമെന്ന്. അപ്പോൾ ഞാൻ സാറോട് പറഞ്ഞു, എന്റെ ജീവിതത്തിൽ എനിക്ക് കെയർഫുള്ളായി ജീവിക്കണമെന്നും ഒരു ചെറിയ തെറ്റ് ജീവിതത്തിന്റെ വിധിയെ തന്നെ മാറ്റികളയുമെന്നും ബോധ്യപ്പെടുത്തി തന്ന കഥയാണിതെന്നാണ്.

സേതുമാധവന്റെ ജീവിതം വഴിതിരഞ്ഞു പോവുന്നത് എം. എൽ. യുടെ മകനോട് കാർ മാറ്റിയിടാൻ പറയുന്ന അച്ഛന്റെ ഡയലോഗിൽ നിന്നാണ്. അച്ഛന്റെ തെറ്റിൽ നിന്നാണ് സേതുവിന്റെ ജീവിതം മാറുന്നത്. പിന്നീട് ആ കുടുംബം ശിഥിലമായി പോവുന്നതെല്ലാം ചെങ്കോലില്ലൊക്കെ നമ്മൾ കണ്ടതാണ്.

ഞാനെന്ന ഒമ്പതാം ക്ലാസുകാരന്റെ ഉള്ളിൽ ആ സിനിമ അന്നുണ്ടാക്കിയത് എല്ലാവരോടും വളരെ ശ്രദ്ധിച്ചു സംസാരിക്കണമെന്നും ചെറിയൊരു തെറ്റ് ജീവിതത്തെ മറ്റൊരു വഴിയിലേക്ക് എത്തിക്കുമെന്നായിരുന്നു. ഇതെന്നെ പഠിപ്പിച്ചത് ഈ സിനിമയാണ് സാർ എന്ന് ഞാൻ പറഞ്ഞു. പുള്ളി ഒന്ന് ചിരിച്ചുകൊണ്ട് എന്റെ ഷോൾഡറിൽ ഒന്ന് തട്ടുകയാണ് ചെയ്തത്,’ജിസ് ജോയ് പറയുന്നു.

 

Content Highlight: Jis Joy Talk About Experience With Mohanlal