| Saturday, 10th August 2024, 10:30 am

പൃഥ്വിരാജിനെ പോലൊരു നടൻ സിനിമയിൽ തോറ്റുകൊടുക്കുന്നത് ആ തിരിച്ചറിവ് കൊണ്ടാണ്,കണ്ടൻ്റ് ആണ് ഹീറോ: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈയിടെ ഇറങ്ങിയ തലവൻ എന്ന ജിസ് ജോയ് ചിത്രം തിയേറ്ററിൽ വിജയമായി മാറിയിരുന്നു. ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ജിസ് ജോയ് പതിവ് രീതികൾ വിട്ടുപിടിച്ച ഒരു സിനിമ കൂടിയാണ്.

മലയാള സിനിമ ഒരുപാട് മാറിയത് കൊണ്ടാണ് മലയാളത്തിൽ വൈവിധ്യമായ സിനിമകൾ ചെയ്യാൻ കഴിയുന്നതെന്ന് ജിസ് ജോയ് പറയുന്നു. ഹീറോ ഹീറോയിൻ എന്നതിനപ്പുറം എല്ലാവരും അഭിനേതാക്കളാണെന്ന ചിന്ത താരങ്ങൾക്ക് വന്നെന്നും അതുകൊണ്ടാണ് മമ്മൂട്ടി റോഷാക്കും പൃഥ്വിരാജ് അയ്യപ്പനും കോശിയുമെല്ലാം ചെയ്തതെന്നും ജിസ് ജോയ് പറയുന്നു. ഇന്ന് സംവിധായകർക്ക് ഒരുപാട് സ്പേസുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേർത്തു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് മമ്മൂക്ക ഭ്രമയുഗം ചെയ്യുന്നു, പിന്നെ കാതലും ടർബോയും ചെയ്യുന്നു. ആറുമാസത്തിനുള്ളിലാണ് ഇത്രയും വൈവിധ്യം നമ്മൾ കണ്ടത്. റോഷാക്കിലെ വേഷം പണ്ടത്തെ മമ്മുക്കയായിരുന്നെങ്കിൽ ചെയ്യുമായിരുന്നോ.

ഹീറോ – ഹീറോയിൻ എന്നതിനപ്പുറം ആക്ടേഴ്‌സാണ് എന്നുള്ള തിരിച്ചറിവ് എല്ലാവർക്കും വന്നു. ആ തിരിച്ചറിവ് വന്നതുകൊണ്ടാണ് അയ്യപ്പനും കോശിയും സിനിമയിൽ പൃഥിരാജിനെപ്പോലുള്ള ഒരു ആർട്ടിസ്റ്റ് തോറ്റുകൊടുക്കുന്നത്.

അതുകൊണ്ടുതന്നെ സംവിധായകർക്ക് പണി എളുപ്പമായി. ആരോടും എന്ത് കഥാപാത്രവും പറയാമെന്നായി. ഇപ്പോൾ എന്തും ആലോചിക്കാനുള്ള സ്‌പേസുണ്ട്. മലയാളസിനിമയിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്. കണ്ടൻ്റ് ആണ് ഹീറോ,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About Character Selections Of Mammootty And Prithviraj

We use cookies to give you the best possible experience. Learn more