ജിസ് ജോയ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബൈസിക്കിള്‍ തീവ്‌സ്. ആസിഫ് അലി, അപര്‍ണ ഗോപിനാഥ്, സലിം കുമാര്‍, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങയിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.
ബൈസിക്കിള്‍ തീവ്‌സിനായി ആദ്യം സമീപിച്ചത് ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. കഥ കേട്ട ശേഷം ദുല്‍ഖര്‍ ചിത്രം താന്‍ നിര്‍മിക്കാമെന്നും അഭിനയിക്കുന്നില്ലെന്ന് പറഞ്ഞെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. സഫാരി ടി.വിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അജിത്ത് പിള്ള പറഞ്ഞ കഥയാണ് ബൈസിക്കിള്‍ തീവ്‌സ്. എ.ബി.സി എന്ന മൂന്ന് കഥാപാത്രങ്ങളെ വെച്ചിട്ടുള്ള ഒരു കഥ അദ്ദേഹം എനിക്ക് മെയില്‍ അയച്ചു തന്നു. വളരെ മനോഹരമായിട്ട് ഒരു പാരഗ്രാഫില്‍ സിനിമയുടെ കോര്‍ എലമെന്റ് മാത്രം എഴുതി വെച്ചിരിക്കുകയാണ്. എ) ആസിഫ് അലി, ബി) അപര്‍ണ ഗോപിനാഥ് സി) വിജയ് ബാബു.
കഥ വായിച്ച ഉടനെ ഞാന്‍ അജിത്തിനെ വിളിച്ച് ഇത് വളരെ നല്ല കഥയാണ്. നല്ലൊരു സിനിമയുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് തന്നെ അജിത്ത് സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു ചിത്രം ഉണ്ടായിരുന്നു ‘മോസയിലെ കുതിരമീനുകള്‍’ എന്നായിരുന്നു ആ സിനിമയുടെ പേര്. ബൈസിക്കിള്‍ തീവ്‌സ് കഴിഞ്ഞ ഉടനെ ആസിഫ് ജോയിന്‍ ചെയ്ത ചിത്രമായിരുന്നു അത്.
അങ്ങനെ ഞാനും അജിത്തും കൂടെ ബൈസിക്കിള്‍ തീവ്‌സിന്റെ കഥ ഒന്നിച്ച് ഡെവലപ്പ് ചെയ്തു. അങ്ങനെ ഒരുപാട് ട്വിസ്റ്റുകളെല്ലാം ആയി ഞങ്ങള്‍ ആന്റോ ജോസഫ് ചേട്ടന്റെയടുത്ത് കഥപറയാന്‍ വേണ്ടി പോയി. അദ്ദേഹത്തിന് കഥ കേട്ടിട്ട് വളരെ ഇഷ്ടപ്പെട്ടു. ‘കൊള്ളാം നല്ല അടിപൊളി കഥ. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ ദുല്‍ഖര്‍ സല്‍മാന്‍ തീവ്രം എന്ന സിനിമയുടെ ഷൂട്ടിനായി എറണാകുളത്തുണ്ട്. പോയി കഥ പറഞ്ഞു നോക്ക്’ എന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ കഥ പറയാനായി പോയി. കഥയെല്ലാം കേട്ടിട്ട് അദ്ദേഹം പറഞ്ഞു ‘സാധാരണ എനിക്ക് ഒരു കഥ കേട്ടാല്‍ തന്നെ അത് വര്‍ക്ക് ആകുമോ ഇല്ലയോ എന്ന് പറയാം കഴിയും. പക്ഷെ എവിടെ എന്തോ എനിക്കത് പറയാന്‍ കഴിയുന്നില്ല. ഞാന്‍ ഒരു ദിവസം കൂടി ആലോചിച്ചിട്ട് പറഞ്ഞാല്‍ മതിയോ’ എന്ന്.
പിറ്റേന്ന് ഞാന്‍ അവിടെ ചെന്നപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത് ഞാന്‍ ഇതില്‍ അഭിനയിക്കുന്നില്ല, നിര്‍മിക്കാം എന്നാണ്. അങ്ങനെ ആ ചിത്രം ആസിഫ് അലിയെ വെച്ച് ചെയ്തു,’ ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talk About Bicycle Thieves Movie