| Friday, 7th June 2024, 2:01 pm

പ്രതീക്ഷയോടെ എഴുതിയ ആ കഥ അന്നത്തെ എല്ലാ യുവതാരങ്ങളോടും പറഞ്ഞു, പക്ഷെ ആർക്കും മനസിലായില്ല: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലൂടെയാണ് ജിസ് ജോയ് സംവിധായാകനായി കരിയർ തുടങ്ങുന്നത്. സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ഫീൽ ഗുഡ് സിനിമകളുടെ സംവിധായകൻ എന്ന പേരിൽ ജിസ് അറിയപ്പെടാൻ തുടങ്ങി.

ആസിഫ് അലിയുടെ കരിയറിൽ വലിയ സ്ഥാനമുള്ള സംവിധായകനാണ് ജിസ് ജോയ്. ജിസ് ജോയ് സംവിധാനം ചെയ്ത അഞ്ചു സിനിമകളിലും ആസിഫ് അലി ഭാഗമായിട്ടുണ്ട്. ആദ്യമായി ആസിഫ് അലിയോട് കഥ പറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്.

ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിന്റെ കഥ അന്നത്തെ എല്ലാ യുവതാരങ്ങളോടും പറഞ്ഞിരുന്നുവെന്നും താൻ അത്രയും പ്രതീക്ഷയോടെ എഴുതിയ കഥയായിരുന്നു അതെന്നും ജിസ് ജോയ് പറയുന്നു. ആസിഫ് അലിയോട് കഥ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ടെന്നും ജിസ് ജോയ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു ജിസ്.

‘ആദ്യമായിട്ട് എഴുതിയ ബൈസിക്കിൾ തീവ്സ് എന്ന സിനിമയുടെ കഥ അന്നത്തെ എല്ലാ യുവതാരങ്ങളോടും ഞാൻ പറഞ്ഞിട്ടുണ്ട്. ഞാൻ അത്രയും പ്രതീക്ഷയോടെ എഴുതിയ സിനിമയാണ്.

ഒരുപാട് സമയം എടുത്ത് എഴുതിയ സിനിമയാണ്. അത് ആർക്കും മനസിലാവുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ആന്റോ ജോസഫ് സാർ ആസിഫിനോട്‌ പറയുവെന്ന് എന്നോട് പറഞ്ഞത്.

അങ്ങനെയാണ് ഞാൻ ആസിഫിനെ കാണുന്നത്. ആസിഫ് അത് കേട്ട രീതി എന്റെ മനസിൽ ഇപ്പോഴുമുണ്ട്. ഞങ്ങൾ ഇരുന്ന് സംസാരിച്ച കോഫി ഷോപ്പൊക്കെ ഇപ്പോഴും ഓർമയുണ്ട്. ആസിഫ് ഫോൺ ചെയ്ത് വെച്ചാണ് കഥ കേട്ടത്. അന്ന് കഥ കേട്ട് ആസിഫ് കൈ പിടിച്ചു. അന്ന് പിടിച്ച പിടിത്തം ഞാൻ പിന്നെ വിട്ടിട്ടില്ല,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About Asif Ali And bicycle  Thieves Movie

We use cookies to give you the best possible experience. Learn more