| Thursday, 1st August 2024, 2:39 pm

ചെറിയ കാര്യങ്ങൾ കൊണ്ട് ലാലേട്ടൻ നമ്മളെ അതിശയിപ്പിക്കുമെന്ന് അന്ന് മനസിലായി: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ ചിത്രങ്ങളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ സംവിധായകനാണ് ജിസ് ജോയ്. ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം നിരവധി പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ജിസ് ജോയ്‌യുടെ സംവിധാനത്തിൽ അവസാനം ഇറങ്ങിയ തലവൻ എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. സ്വഭാവം കൊണ്ട് തന്നെ ഏറ്റവും അതിശയിപ്പിച്ച വ്യക്തി മോഹൻലാലാണെന്ന് ജിസ് ജോയ് പറയുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ തന്റെ ഫാമിലി കാണാൻ വന്നെന്നും അന്ന് മോഹൻലാൽ ഫോട്ടോ എടുക്കണ്ടേയെന്ന് ഇങ്ങോട്ട് ചോദിച്ചെന്നും ജിസ് ജോയ് പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാൽസാർ എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. പൊതുവിൽ സെറ്റുകളിൽ കുടുംബം വരാറില്ല. മൈജിയുടെ പരസ്യചിത്രത്തിൻ്റെ ഷൂട്ടിങ്ങായിരുന്നു അന്ന്. പത്ത് നാന്നൂറ് ആർട്ടിസ്റ്റുകളുള്ള വടംവലിയൊക്കെയുള്ള സീനാണ്. ഉത്സവപ്രതീതിയുള്ള ഒരു പരസ്യമായിരുന്നു.

ഷൂട്ട് കഴിഞ്ഞ് ഇരിക്കുന്നതിനിടയിൽ ഫാമിലി വന്നപ്പോൾ, എൻ്റെ കുടുംബം വന്നിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. ആണോ മോനെ നമ്മൾ പരിചയപ്പെട്ടില്ലല്ലോ, ഫോട്ടോ എടുക്കണ്ടേ എന്നാണ് ലാൽസാർ തിരിച്ച് ചോദിച്ചത്.

ഞാൻ ഈ ഷർട്ട് മാറ്റിവരാം. സമയമുണ്ടല്ലോ. ഇപ്പോൾതന്നെ ഫോട്ടോ എടുക്കാമെന്ന് പറഞ്ഞു. ഈ ഷർട്ട് പോരേ എന്ന് ചോദിച്ചപ്പോൾ വേണ്ട മോനെ, ഫോട്ടോ ഫ്രെയിം ചെയ്‌ത്‌ വയ്‌ക്കേണ്ടതല്ലേ. നല്ല ഷർട്ടിടാം എന്നുപറഞ്ഞു.

അദ്ദേഹത്തിന്റെ കാരക്ടർ അങ്ങനെയാണ്. ചെറിയ കാര്യങ്ങൾകൊണ്ട് നമ്മളെ അതിശയിപ്പിക്കും. വലിയ ഉയരങ്ങളിൽ നിൽക്കുമ്പോഴുമുള്ള ആ വിനയം, അതൊരു വലിയ ക്വാളിറ്റിയാണ്. മഞ്ജുവും അങ്ങനെത്തന്നെ. രാവിലെ ഷൂട്ടിങ്ങിന് വന്നിട്ട് രാത്രി തീരുംവരെ ഇരിക്കും. എല്ലാവരും പോയി കഴിഞ്ഞിട്ടാവും പോവുന്നത്. എല്ലാവരോടും ടെൻഷൻ ഫ്രീയായി സംസാരിക്കുന്നയാളാണ് മഞ്ജു,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy Talk About A Moment With Mohanlal

We use cookies to give you the best possible experience. Learn more