മുംബൈയില്‍ ആ മോഹന്‍ലാല്‍ ചിത്രം കാണാന്‍ മലയാളികളെക്കാള്‍ കൂടുതല്‍ അന്യഭാഷാക്കാരായിരുന്നു: ജിസ് ജോയ്
Entertainment
മുംബൈയില്‍ ആ മോഹന്‍ലാല്‍ ചിത്രം കാണാന്‍ മലയാളികളെക്കാള്‍ കൂടുതല്‍ അന്യഭാഷാക്കാരായിരുന്നു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th December 2024, 8:09 am

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയ്‌യുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

മലയാളസിനിമക്ക് കേരളത്തിന് പുറത്ത് കിട്ടുന്ന സപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. കുമ്പളങ്ങി നൈറ്റ്‌സ്, സുഡാനി ഫ്രം നൈജീരിയ പോലുള്ള സിനിമകള്‍ കേരളത്തിന് പുറത്ത് വലിയ ചര്‍ച്ചയായിട്ടുണ്ടെന്നും മലയാളസിനിമ അവരുടെ ചര്‍ച്ചയിലേക്ക് വരാറുണ്ടെന്നും ജിസ് ജോയ് പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവ് മലയാളസിനിമക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ക്ക് കൂടുതല്‍ ആരാധകരുണ്ടായെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമ റിലീസായ സമയത്ത് താന്‍ മുംബൈയിലായിരുന്നെന്നും തന്റെ സുഹൃത്തിന്റെ കൂടെയാണ് ആ ചിത്രം കാണാന്‍ പോയതെന്നും ജിസ് പറഞ്ഞു. വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടാകുള്ളൂ എന്ന് വിചാരിച്ചാണ് പോയതെന്നും എന്നാല്‍ തിയേറ്റര്‍ മുഴുവന്‍ ആളുകളുണ്ടായിരുന്നെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. മലയാളികളെക്കാള്‍ കൂടുതല്‍ അന്യഭാഷാക്കാരായിരുന്നെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിസ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘കേരളത്തിന് പുറത്ത് മലയാളസിനിമ ഇപ്പോള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പെടുകയാണ്. കുമ്പളങ്ങി നൈറ്റ്‌സും സുഡാനി ഫ്രം നൈജീരിയയും മലയാളികളല്ലാത്ത ഒരുപാട് ഓഡിയന്‍സിന് ഇഷ്ടമായിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവ് മലയാളസിനിമയെ കൂടുതല്‍ പോപ്പുലറാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ സിനിമയും അവര്‍ നന്നായി ചര്‍ച്ചചെയ്യുന്നുണ്ട്.

ലിജോയും ലാലേട്ടനും ഒന്നിച്ച മലൈക്കോട്ടൈ വാലിബന്‍ റിലീസായപ്പോള്‍ ഞാന്‍ മുംബൈയിലായിരുന്നു. എന്റെ ഒരു ഫ്രണ്ടിന്റ കൂടെ പടത്തിന് പോകാം എന്നായിരുന്നു വിചാരിച്ചത്. മുംബൈയില്‍ മലയാളസിനിമ കാണാന്‍ അധികം ആള്‍ക്കാരുണ്ടാകില്ല എന്നാണ് വിചാരിച്ചത്. അവിടെ ചെന്നപ്പോള്‍ തിയേറ്റര്‍ ഫുള്‍ ആയിരുന്നു. അതില്‍ മലയാളികളെക്കാള്‍ കൂടുതല്‍ അന്യഭാഷാക്കാരായിരുന്നു. അത് എന്നെ അത്ഭുതപ്പെടുത്തി,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy shares the theatre experience of Malaikkottai Vaaliban