| Sunday, 22nd December 2024, 10:09 am

മമ്മൂക്ക അത്രയും സീരിയസായി ചെയ്ത കാര്യം കണ്ട് എനിക്കും ആ സംവിധായകനും ചിരി വന്നു: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയ്യുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

വര്‍ഷം എന്ന സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയുമായി മുമ്പ് നടന്ന സംഭാഷണത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജിസ് ജോയ്. താനും മാര്‍ട്ടിന്‍ പ്രക്കാട്ടും ഉണ്ടായിരുന്നെന്ന് ജിസ് ജോയ് പറഞ്ഞു. മമ്മൂട്ടിയുടെ കാരവനില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നെന്നും ടി.വിയില്‍ വാര്‍ത്ത വെച്ചിട്ടുണ്ടായിരുന്നെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തയിലെ ചില പ്രസ്താവനകള്‍ കേട്ട് മമ്മൂട്ടിക്ക് ദേഷ്യം വന്നെന്നും അദ്ദേഹം അതിനെല്ലാം റിയാക്ട് ചെയ്ത് സംസാരിച്ചെന്നും ജിസ് ജോയ് പറഞ്ഞു. മമ്മൂട്ടി വളരെ സീരിയസായാണ് അത് ചെയ്തതെന്നും എന്നാല്‍ തങ്ങള്‍ക്ക് അത് കണ്ട് ചിരി വന്നെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് ഏതോ ഒരു സിനിമയിലേക്ക് ചര്‍ച്ചയെത്തിയപ്പോള്‍ മമ്മൂട്ടി പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവെച്ചെന്നും ജിസ് ജോയ് പറഞ്ഞു.

ഇത്രയും കാലത്തിനിടയില്‍ അദ്ദേഹം കണ്ട ഒരു സിനിമ പോലും മോശമായി തോന്നിയില്ലെന്ന് പറഞ്ഞെന്നും അത് തന്നെ വല്ലാതെ സ്വാധീനിച്ചിരുന്നെന്നും ജിസ് കൂട്ടിച്ചേര്‍ത്തു. ഓരോ സിനിമയില്‍ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകുമെന്ന് മമ്മൂട്ടി പറഞ്ഞത് തനിക്ക് വലിയൊരു പാഠമായിരുന്നെന്ന് ജിസ് ജോയ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘വര്‍ഷം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മമ്മൂക്കയുമായി കുറച്ചുനേരം സംസാരിച്ചിരുന്നു. അന്ന് എന്റെകൂടെ മാര്‍ട്ടിന്‍ പ്രക്കാട്ടുമുണ്ടായിരുന്നു. മമ്മൂക്കയുടെ കാരവനിലിരുന്നായിരുന്നു സംസാരം. പുള്ളി ഞങ്ങള്‍ക്ക് ഫുഡ് ഒക്കെ വിളമ്പിത്തന്നു. ആ കാരവനില്‍ ടി.വി. വെച്ചിട്ടുണ്ടായിരുന്നു. അതില്‍ ന്യൂസ് വെച്ചിട്ടുണ്ടായിരുന്നു. ന്യൂസിനിടയില്‍ മമ്മൂക്കക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പുള്ളി ഇരുന്ന് ദേഷ്യപ്പെട്ടു. അതിന് മറുപടി പറഞ്ഞുകൊണ്ടേയിരുന്നു.

മമ്മൂക്ക അത് സീരിയസായി ചെയ്ത കാര്യമാണ്. പക്ഷേ ഞങ്ങള്‍ക്ക് അത് കണ്ട് ചെറുതായിട്ട് ചിരി വന്നു. പിന്നീട് ഞങ്ങളുടെ സംസാരം സിനിമയെപ്പറ്റിയായി. അപ്പോഴാണ് മമ്മൂക്ക ‘എനിക്ക് ഇതുവരെ ഒരു സിനിമയും മോശമായി തോന്നിയിട്ടില്ല’ എന്ന് പറഞ്ഞത്. ‘എത്ര മോശം സിനിമയെന്ന് ആളുകള്‍ പറഞ്ഞാലും അതില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ ഉണ്ടാകും’ എന്നും മമ്മൂക്ക പറഞ്ഞു. അത് എനിക്ക് വലിയൊരു പാഠമായിരുന്നു’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy shares the memories with Mammootty

We use cookies to give you the best possible experience. Learn more