മലയാളികള്‍ ഏറെ ആഘോഷിക്കുന്ന അന്യഭാഷാ നടനാണ് അല്ലു അര്‍ജുന്‍. ആര്യ മുതല്‍ക്ക് ഇങ്ങോട്ട് അല്ലു നായകനായ എല്ലാ ചിത്രങ്ങളും മലയാളത്തില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ആരാധകര്‍ സ്‌നേഹത്തോടെ മല്ലു അര്‍ജുന്‍ എന്ന് വിളിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പ 2 കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്.
ആര്യ മുതല്‍ എല്ലാ ചിത്രത്തിലും അല്ലുവിന് ശബ്ദം നല്‍കിയിരിക്കുന്നത് ജിസ് ജോയാണ്. സംവിധാനരംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും അല്ലുവിന്റെ സിനിമകള്‍ക്ക് ശബ്ദം നല്‍കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഖാദര്‍ ഹസ്സന്‍ തന്നെ ആദ്യമായി ഡബ്ബിങ്ങിന് വിളിച്ച അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്. താനന്ന് എറണാകുളത്ത് കായംകുളം കൊച്ചുണ്ണി എന്ന സീരിയലിന് ഡബ്ബ് ചെയ്യുകയായിരുന്നെന്ന് ജിസ് ജോയ് പറഞ്ഞു.
എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് പോയിട്ടാണ് ഡബ്ബ് ചെയ്തതെന്നും ആദ്യത്തെ ദിവസം തന്നെ തനിക്ക് മടുത്തെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. ഗുഡ്‌മോര്‍ണിങ് മാഡം എന്ന ഒരൊറ്റ ഡയലോഗ് 45 ടേക്ക് വരെ പോയിട്ടുണ്ടെന്നും അതോടെ താന്‍ അവിടുന്ന് പോവാന്‍ തീരുമാനിച്ചെന്നും ജിസ് ജോയ് പറഞ്ഞു. ഇക്കാര്യം അവിടെയുള്ളവര്‍ പറഞ്ഞപ്പോള്‍ തനിക്ക് മുമ്പ് മൂന്ന് പേര്‍ ഇതേ കാരണത്താല്‍ നിര്‍ത്തിപ്പോയിട്ടുണ്ടെന്ന് അറിഞ്ഞെന്ന് ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ സീരിയലുകളിലും സിനിമകളിലും നിറഞ്ഞിനില്‍ക്കുന്ന ശരത്, ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയില്‍ നിതീഷ് ഭരദ്വാജിന് ശബ്ദം നല്‍കിയ നന്ദു, പിന്നെ തനിക്ക് അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ ഉപേക്ഷിച്ച സ്ഥലത്താണ് താന്‍ നിന്നതെന്നും ഒരുതവണ കൂടി നോക്കാം എന്ന് തീരുമാനിച്ച് ഡബ്ബ് ചെയ്‌തെന്നും ജിസ് ജോയ് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.
‘കായംകുളം കൊച്ചുണ്ണി എന്ന സീരിയലിന് ഡബ്ബ് ചെയ്യുന്ന സമയത്താണ് എന്നെ ആര്യയിലേക്ക് വിളിച്ചത്. എല്ലാദിവസവും കൊച്ചുണ്ണിയുടെ ഡബ്ബിങ് ഉണ്ട്. തിരുവനന്തപുരം വരെ പോയി ആര്യക്ക് ഡബ്ബ് ചെയ്യാന്‍ സമയം കുറവായിരുന്നു. ഒടുവില്‍ രണ്ട് ദിവസം ലീവെടുത്ത് തിരുവനന്തപുരത്തേക്ക് പോയി.
ആദ്യത്തെ ദിവസം തന്നെ എനിക്ക് മടുത്തു. കാരണം, ഒരൊറ്റ ഡയലോഗ് 45 തവണ റീടേക്ക് പോകേണ്ടി വന്നു. ഇത് നടപടിയാവില്ല എന്ന് വിചാരിച്ച് ഞാന്‍ അവിടന്ന് ഇറങ്ങുകയാണെന്ന് പറഞ്ഞു. അപ്പോഴാണ് അവിടെയുള്ളവര്‍ പറഞ്ഞത്, എനിക്ക് മുമ്പ് മൂന്ന് പേര്‍ ഇതേ കാരണം പറഞ്ഞ് നിര്‍ത്തിപ്പോയി എന്ന്.
അതിലൊരാള്‍ ഇപ്പോള്‍ സീരിയലിലും സിനിമയിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ശരത്, അതുപോലെ ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയില്‍ ഡബ്ബ് ചെയ്ത നന്ദു ചേട്ടന്‍, പിന്നെ എനിക്ക് അടുത്തറിയാവുന്ന വേറൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. ഇവരെല്ലാം വേണ്ടെന്നു വെച്ച സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്. ഒടുവില്‍ ആ സിനിമയില്‍ ഞാന്‍ അല്ലുവിന് ഡബ്ബ് ചെയ്തു. ഇന്ന് 20 സിനിമ വരെ എത്തിനില്‍ക്കാന്‍ ആര്യ ഒരു കാരണമായി, ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy shares the experience of dubbing For Allu Arjun in Arya movie