നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഹൃദയഹാരിയായ അനുഭവം പങ്കുവെച്ച് സംവിധായകന്‍ ജിസ് ജോയ്. പരസ്യ ഷൂട്ടിനിടയില്‍ മോഹന്‍ലാലിനൊപ്പം സമയം ചെലവിടാന്‍ സാധിച്ചതിനെ കുറിച്ചാണ് ജിസ് ജോയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നത്.
പരസ്യത്തിന്റെ ഷൂട്ടിനിടയില്‍ വെച്ച് തന്റെ കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കാന്‍ മോഹന്‍ലാല്‍ തയ്യാറായതും അപ്പോള്‍ അദ്ദേഹം ഇടപെട്ട രീതിയെ കുറിച്ചുമാണ് പോസ്റ്റില്‍ പറയുന്നത്.
കൊച്ചിയില്‍ My G പരസ്യത്തിന്റെ ഷൂട്ട് നടക്കുന്നു. ബ്രേക്ക് ടൈമില്‍ ഫാമിലി വന്നിട്ടുണ്ടെന്നും ഫോട്ടോ എടുക്കാന്‍ സാധിക്കുമോയെന്നും ലാല്‍ സാറിനോട് ചോദിച്ചു. അല്‍പം മടിയോടെയാണ് ചോദിച്ചതെന്നും പക്ഷെ അദ്ദേഹം ഉടന്‍ തന്നെ സമ്മതിച്ചുവെന്ന് ജിസ് ജോയ് പറയുന്നു.
‘സര്‍ ഫാമിലി വന്നിട്ടുണ്ട് ഒരു ഫോട്ടോ എടുക്കണം എന്നുണ്ട്..ആണോ മോനെ.. വിളിക്കു ഇപ്പൊ സമയമുണ്ടല്ലോ ഇപ്പൊ തന്നെ എടുക്കാലൊ. ഞാന്‍ അവരെ വിളിപ്പിക്കുമ്പോഴേക്കും സര്‍ വീണ്ടും എന്നോട്..
‘മോനെ നമ്മള്‍ ആദ്യമായല്ലേ ഫാമിലി ഫോട്ടോ എടുക്കുന്നെ? മുരളി.. ജിഷാദ് ( ഇരുവരും ലാല്‍ സാറിന്റെ പ്രിയ കോസ്റ്റ്യൂമേഴ്സ്) വേറെ ഒരു ഷര്‍ട്ട് കൊണ്ടുവരൂ.. നിറമുള്ളത്. ഇവര്‍ക്കിത് ഫ്രെയിം ചെയ്യാന്‍ ഉള്ളതല്ലേ അവര്‍ ഉടനെ ഈ ഷര്‍ട്ട് കൊണ്ടുവന്നു കൊടുത്തു..ഠപ്പേ എന്ന് അത് മാറി,’ ജിസ് ജോയ് യുടെ പോസ്റ്റില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ നടനായത് കൊണ്ടു മാത്രമല്ല മോഹന്‍ലാലിനെ ഒരു അത്ഭുതമെന്ന് താന്‍ വിളിക്കുന്നതെന്നും മറ്റ് മനുഷ്യരോട് അദ്ദേഹം കാണിക്കുന്ന ബഹുമാനമാണ് അതിനു കാരണമെന്നും ജിസ് ജോയ് പറയുന്നു.
‘പത്തിരുപത്തഞ്ചു പരസ്യങ്ങള്‍ ഈ അത്ഭുതത്തെ വെച്ചു സംവിധാനം ചെയ്യാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.. അത്ഭുതം എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു ഞാന്‍ വിശ്വസിക്കുന്നത് കൊണ്ട് മാത്രമല്ല…
View this post on Instagram
അതിനേക്കാളൊക്കെ വലുതായി, മനുഷ്യനെ ബഹുമാനിക്കുന്ന..തന്നിലേക്കെത്തിച്ചേരുന്ന ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന ഒരാളായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ ജിസ് ജോയ് പറയുന്നു.
ലാല്‍ സാര്‍ എന്നല്ലാതെ ലാലേട്ടാ എന്ന് തനിക്കിതുവരെ അദ്ദേഹത്തെ വിളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹൃദയത്തില്‍ പൂക്കളമിട്ട് തരുന്ന മോഹന്‍ലാലിനെ പറ്റി പറയാനുള്ള ഏറ്റവും നല്ല സമയവും കാലവും ഇതാണെന്നും ജിസ് ജോയ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റും ഫോട്ടോയും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരുടെയും സ്വപ്‌നമാണ് ഇങ്ങനെയൊരു ഫോട്ടോയെന്നും മോഹന്‍ലാല്‍ എപ്പോഴും ഇങ്ങനെയാണെന്നുമെല്ലാമുള്ള കമന്റുകളുണ്ട്.
Content Highlight: Jis Joy shares experience with Mohanlal