| Saturday, 1st June 2024, 9:57 pm

പറഞ്ഞ ബജറ്റിനെക്കാള്‍ മൂന്നിരട്ടി ചെലവായ സിനിമ രണ്ടാം ദിവസം വാഷ് ഔട്ടായി: സുഹൃത്തായ നിര്‍മാതാവിനുണ്ടായ അനുഭവത്തെക്കുറിച്ച് ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഏറ്റവുമടുത്ത സുഹൃത്തായ നിര്‍മാതാവിന് സംഭവിച്ച മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. സംവിധായകന്‍ ആദ്യം പറഞ്ഞ ബജറ്റിനെക്കാള്‍ മൂന്ന് മടങ്ങ് ചെലവാക്കേണ്ടി വന്നെന്നും താനടക്കമുള്ള സുഹൃത്തുക്കള്‍ അയാളോട് സംസാരിച്ചപ്പോള്‍ സിനിമ ഹിറ്റാകുമെന്ന് പറഞ്ഞെന്നും ജിസ് ജോയ് പറഞ്ഞു. പറഞ്ഞ ബജറ്റിനെക്കാള്‍ പത്ത് ശതമാനം വരെ കൂടാമെന്നും പക്ഷേ ഇത് വല്ലാതെ കൂടുതലാണെന്ന് താന്‍ ആ നിര്‍മാതാവിനോട് പറഞ്ഞെന്നും ജിസ് ജോയ് പറഞ്ഞു.

സിനിമ റിലീസായി രണ്ടാമത്തെ ദിവസം തന്നെ വാഷൗട്ടായെന്നും നിര്‍മാതാവും താനും സുഹൃത്തുക്കളും വല്ലാതെ വിഷമിച്ചെന്നും ജിസ് ജോയ് പറഞ്ഞു. ആ നിര്‍മാതാവ് സംവിധായകനെ കാണാന്‍ ചെന്നപ്പോള്‍ അയാളും സുഹൃത്തുക്കളും സിനിമ കണ്ട് ഹാപ്പിയാണെന്ന് പറഞ്ഞെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.

‘ഈയടുത്ത് എന്റെയൊരു സുഹൃത്ത് നിര്‍മിച്ച സിനിമ റിലീസായി. അതിന്റെ ഡയറക്ടര്‍ ആദ്യം പറഞ്ഞ ബജറ്റിലായിരുന്നില്ല സിനിമ ചെയ്ത് തീര്‍ത്തത്. ബജറ്റ് കൂടിക്കൂടി പറഞ്ഞതിനെക്കാള്‍ മൂന്നിരട്ടിയായി. ഞാനും എന്റെ മറ്റ് ഫ്രണ്ട്‌സും ആ പ്രൊഡ്യൂസറോട് സംസാരിച്ചു,’ എന്താ ചേട്ടാ ഇത്? നിങ്ങള്‍ക്ക് സിനിമ എന്താണെന്ന് അറിയില്ലേ? ഇട്ട ബജറ്റിനെക്കാള്‍ പത്ത് ശതമാനം വരെ കൂടാം, ഇത് 300ശതമാനം കൂടിയല്ലോ?’ എന്ന് ചോദിച്ചപ്പോള്‍ സിനിമ ഹിറ്റാകും എന്നായിരുന്നു അയാള്‍ പറഞ്ഞത്.

ഒടുവില്‍ സിനിമ റിലീസായി. രണ്ടാമത്തെ ദിവസം തന്നെ മോശം അഭിപ്രായം കാരണം പടം വാഷ് ഔട്ടായി. ഞാനും ഫ്രണ്ടസും ആ പ്രൊഡ്യൂസറും വല്ലാതെ വിഷമത്തിലായി. കഴിഞ്ഞ ദിവസം ആ നിര്‍മാതാവ് ഡയറക്ടറെ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം പറഞ്ഞു, ‘ആ സിനിമ കണ്ട് ഡയറക്ടറും പുള്ളിയുടെ ഫ്രണ്ട്‌സും ഹാപ്പിയായി’ എന്നാണ് പറഞ്ഞത്.

ഒരു ഡയറക്ടര്‍ മറ്റൊരാളുടെ പൈസ വെച്ച് സിനിമ ചെയ്യുമ്പോള്‍, അത് ചെറുതോ വലുതോ ആയിക്കോട്ടെ. അതിനനുസരിച്ചുള്ള ഔട്ട്പുട്ട് തിരിച്ചുകൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ ഈ പണിക്ക് നില്‍ക്കരുത് എന്നേ എനിക്ക് പറയാനുള്ളൂ,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy shares a bad experience faced by his friend producer recently

We use cookies to give you the best possible experience. Learn more