| Saturday, 29th June 2024, 8:18 am

തലവനിലെ ആ കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് നസ്‌ലെനെ; കാമിയോയായി വരാമെന്ന് അവന്‍ സമ്മതിച്ചിരുന്നു: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ ഈ വര്‍ഷമെത്തിയ ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തലവന്‍. ആസിഫ് അലി – ബിജു മേനോന്‍ എന്നിവരെ നായകന്മാരാക്കി എത്തിയ ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്‌യും ഒന്നിച്ച ചിത്രം കൂടിയാണിത്.

തലവനില്‍ ഒരു കാമിയോ റോളില്‍ ജാഫര്‍ ഇടുക്കിയും എത്തിയിരുന്നു. അല്ലപ്പന്‍ എന്ന കഥാപാത്രമായാണ് താരമെത്തിയത്. എന്നാല്‍ ആ കഥാപാത്രത്തിലേക്ക് താന്‍ ആദ്യം കാസ്റ്റ് ചെയ്തത് നസ്‌ലെനെ ആയിരുന്നെന്ന് പറയുകയാണ് ജിസ് ജോയ്. അവന്‍ പ്രേമലുവില്‍ അഭിനയിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നും സംവിധായകന്‍ പറയുന്നു. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘ഷൂട്ട് തുടങ്ങിയതിന് ശേഷം ഉണ്ടായ കഥാപാത്രമായിരുന്നു അത്. കഥയെഴുതി വരുമ്പോള്‍ പെട്ടെന്ന് ഉണ്ടായ തോന്നലിലാണ് അങ്ങനെ ഒരു കഥാപാത്രം ഉണ്ടാകുന്നത്. കഥ മുന്നോട്ട് പോകുമ്പോള്‍ ആകെ സീരിയസ് മൂഡാണ്. സിറ്റുവേഷന്‍ മുറുകി മുറുകി പോകുവാണ്. മൂഡൊന്ന് ചെറുതായി ലൂസ് ചെയ്തിട്ട് വീണ്ടും സീരിയസ് ആക്കാമെന്ന് കരുതിയാണ് ആ കഥാപാത്രം വന്നത്. ശരിക്കും റിസ്‌ക്കുള്ള കാര്യമായിരുന്നു അത്. വര്‍ക്കായില്ലെങ്കില്‍ വന്‍ പണി ആയേനെ. കാരണം പിന്നെ ഒരാളും നമ്മുടെ കൂടെ നില്‍ക്കില്ല.

അങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ആരും സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ആസിഫോ ബിജു ചേട്ടനോ പോലും കൂടെ നിന്നിരുന്നില്ല. അവര് മാത്രമല്ല പ്രൊഡ്യൂസര്‍ സൈഡില്‍ നിന്ന് പോലും ആരും സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. പിന്നെ ജാഫര്‍ ചെയ്യാന്‍ തയ്യാറല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ ആ കഥാപാത്രം വേണ്ടെന്ന് വെച്ചേനെ. ജാഫര്‍ ആ റോള്‍ ചെയ്യാന്‍ തയ്യാറാകുകയും അന്ന് വരികയും ചെയ്തത് കൊണ്ടാണ് അങ്ങനെ ഒരു കഥാപാത്രം ഉണ്ടായത്. ആദ്യം ഇങ്ങനെ അല്ലായിരുന്നു പ്ലാന്‍ ചെയ്തത്.

Also Read: എന്റെ ഓരോ ചെറിയ മൂവ്‌മെന്റും മിസ്സാകാതെ ഷൂട്ട് ചെയ്ത ഒരൊറ്റ ക്യാമറമാന്‍ മാത്രമേയുള്ളൂ, അത് അയാളാണ്:ദര്‍ശന രാജേന്ദ്രന്‍

ആ കഥാപാത്രത്തിന്റെ പ്രായം വളരെ ചെറുതായിരുന്നു. അദ്ദേഹത്തിന്റെ പ്ലോട്ടും ഇങ്ങനെ അല്ലായിരുന്നു. ആദ്യം ഈ കഥാപാത്രത്തിലേക്ക് നസ്‌ലെനെ ആയിരുന്നു കാസ്റ്റ് ചെയ്തത്. ആ സമയത്ത് പ്രേമലുവിന്റെ ഷൂട്ട് നടക്കുന്നത് അറിയില്ലായിരുന്നു. ആ സിനിമ നടക്കുന്നത് അറിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ ഒരിക്കലും അവനെ വിളിക്കില്ലായിരുന്നു. കാരണം അതില്‍ അവന്‍ ഹീറോ ആയിട്ടാണ് അഭിനയിക്കുന്നത്. ഒരു കാമിയോ ആയിട്ട് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു അന്ന് നസ്‌ലെനോട് ചോദിച്ചത്. പാവം, അവന്‍ അപ്പോള്‍ തന്നെ നമ്മുടെ സിനിമയല്ലേ ചെയ്യാമെന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞാകും ഡേറ്റ്. ഞങ്ങള്‍ അറിയിക്കാമെന്ന് അവനോട് പറഞ്ഞു,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Says That Naslen Was The First Decision To Cast  Instead Of Jaffer Idukki In Thalavan Movie

We use cookies to give you the best possible experience. Learn more