അല്ലുവിന് ഡബ്ബ് ചെയ്തത് കൊണ്ട് മാത്രമല്ല പുഷ്പ 2വിന് കാത്തിരിക്കാൻ വേറെയും കാരണമുണ്ട്: ജിസ് ജോയ്
Entertainment
അല്ലുവിന് ഡബ്ബ് ചെയ്തത് കൊണ്ട് മാത്രമല്ല പുഷ്പ 2വിന് കാത്തിരിക്കാൻ വേറെയും കാരണമുണ്ട്: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd June 2024, 11:54 am

തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അല്ലു അർജുന്റെ മൊഴിമാറ്റ ചിത്രങ്ങൾക്ക് കേരളത്തിൽ വലിയ സ്വീകാര്യത നേടാൻ ജിസ് ജോയ് നൽകിയ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ട്. സൂപ്പർ ഹിറ്റ്‌ ചിത്രമായ പുഷ്പയുടെ രണ്ടാംഭാഗമായ പുഷ്പ 2വാണ് ഉടനെ റിലീസ് ആവാനുള്ള അല്ലു അർജുൻ ചിത്രം.

താൻ പുഷ്പ 2വിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും തന്റെ തിരക്കുകൾ കൊണ്ട് ഡബ്ബിങ് നീണ്ടു പോയതാണെന്നും ജിസ് ജോയ് പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘അല്ലുവിനു മലയാളത്തിൽ ഡബ്ബ് ചെയ്യുന്നു എന്നതു കൊണ്ടു മാത്രമല്ല, ഞാൻ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണു പുഷ്പ 2. എന്റെ തിരക്കുകൾ കൊണ്ടു ഡബ്ബിങ് നീണ്ടു നീണ്ടു പോയി. ജൂലൈയിൽ ചിത്രത്തിന്റെ മലയാളം ഡബ്ബിങ് പൂർത്തിയാക്കണം. ഓഗസ്‌റ്റിൽ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണവർ,’ജിസ് ജോയ് പറയുന്നു.

തന്റെ പുതിയ ചിത്രമായ തലവൻ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ആളുകളിലേക്ക് കൂടുതൽ എത്തുന്നതെന്നും അതിനെ വെല്ലാൻ ഒരു റിവ്യൂവിനും കഴിയില്ലെന്നും ജിസ് കൂട്ടിച്ചേർത്തു.

‘മൗത്ത് പബ്ലിസിറ്റിയെ വെട്ടാൻ പറ്റുന്ന ഒരു റിവ്യൂവും ലോകത്തില്ല. ഒരു വലിയ മലയാളം ചിത്രത്തിനൊപ്പമാണു ‘തലവൻ’ ഇറങ്ങിയത്. അതിനൊപ്പം റിലീസ് ചെയ്യാൻ ധൈര്യം കാട്ടിയതു തന്നെ മൗത്ത് പബ്ലിസിറ്റിയിലുള്ള വിശ്വാസം കൊണ്ടാണ്.

ആദ്യ രണ്ടു ഷോകൾ കഴിഞ്ഞു ഫസ്‌റ്റ് ഷോ മുതലാണ് തിയേറ്ററുകൾ ഫുൾ ആകാൻ തുടങ്ങിയത്. ഒരാഴ്ച‌ പിന്നിടുമ്പോൾ തലവൻ റിലീസിങ് സെൻ്ററുകൾക്കു പുറമേ 50% തിയേറ്ററുകളിലേക്കു കൂടി എത്തുകയാണ്,’ജിസ് ജോയ് പറയുന്നു.

 

Content Highlight: Jis joy Says That He Is Waiting For Pushpa 2