| Saturday, 21st December 2024, 2:16 pm

ആ തിരക്കഥാകൃത്തിന്റെ ഡൈഹാര്‍ഡ് ഫാനാണ് ഞാന്‍, എന്റെ വീട്ടിലെ ഒരാളെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നത്: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡബ്ബിങ് ആര്‍ടിസ്റ്റ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ കലാകാരനാണ് ജിസ് ജോയ്. മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്ന അല്ലു അര്‍ജുന്‍ സിനിമകളില്‍ അല്ലു അര്‍ജുന് ശബ്ദം നല്‍കിയതിലൂടെയും ജിസ്ജോയ് മലയാളികള്‍ക്ക് സുപരിചിതനാണ്. പിന്നീട് ബൈസിക്കിള്‍ തീവ്സ്, സണ്‍ഡെ ഹോളിഡെ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ തുടങ്ങിയ സിനിമകള്‍ ജിസ്ജോയ് സംവിധാനം ചെയ്യുകയും ചെയ്തു.

തനിക്ക് എക്കാലവും ഇഷ്ടപ്പെട്ട തിരക്കഥാകൃത്ത് ലോഹിതദാസാണെന്ന് പറയുകയാണ് ജിസ് ജോയ്. ലോഹിതദാസിന്റെ തിരക്കഥകള്‍ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് ജിസ് ജോയ് പറഞ്ഞു. അദ്ദേഹത്തിന്റെ ഡൈഹാര്‍ഡ് ഫാനാണ് താനെന്നും ലോഹിതദാസിനെക്കുറിച്ചെഴുതിയ പുസ്തകങ്ങളുടെ വലിയൊരു കളക്ഷന്‍ തന്റെ പക്കലുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ അവസാനകാലത്ത് മൂന്ന് വര്‍ഷം താന്‍ കൂടെയുണ്ടായിരുന്നെന്ന് ജിസ് ജോയ് പറഞ്ഞു. ചക്രം മുതല്‍ ചക്കരമുത്ത് വരെ എല്ലാ സിനിമയിലും തന്നെ ഡബ്ബിങ്ങിന് വിളിക്കുമായിരുന്നെന്നും എല്ലാ ദിവസവും സിനിമയെപ്പറ്റി സംസാരിക്കുമായിരുന്നെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. തന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു ലോഹിതദാസെന്നും അദ്ദേഹത്തിന്റെ വിയോഗം തനിക്ക് വലിയൊരു ഷോക്കായിരുന്നെന്നും ജിസ് ജോയ് പറഞ്ഞു.

തിരക്കഥ എഴുതുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് തനിക്ക് ആദ്യം പറഞ്ഞുതന്നത് ലോഹിതദാസായിരുന്നെന്നും അന്ന് താന്‍ റൈറ്ററാകുമെന്ന് അദ്ദേഹം കരുതിയില്ലായിരുന്നെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. ലോഹിതദാസ് പറഞ്ഞുതന്ന കാര്യങ്ങള്‍ തനിക്ക് ഒരുപാട് സഹായമായി മാറിയെന്നും ജിസ് ജോയ് പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘എനിക്ക് എക്കാലവും പ്രിയപ്പെട്ട തിരക്കഥാകൃത്തുകളില്‍ ഒരാളാണ് ലോഹിതദാസ് സാര്‍. ഞാന്‍ അദ്ദേഹത്തിന്റെ ഡൈഹാര്‍ഡ് ഫാനാണ്. ലോഹി സാറിനെക്കുറിച്ചുള്ള പുസ്തകങ്ങളുടെ ഒരു കളക്ഷന്‍ എന്റെ കൈയിലുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ മൂന്ന് വര്‍ഷക്കാലം ഞാന്‍ കൂടെയുണ്ടായിരുന്നു. ചക്രം മുതല്‍ ചക്കരമുത്ത് വരെ എല്ലാ സിനിമയിലും അദ്ദേഹം എന്നെ ഡബ്ബിങ്ങിന് വിളിക്കാറുണ്ടായിരുന്നു.

ആ സമയത്തെല്ലാം ഞങ്ങള്‍ സിനിമയെപ്പറ്റി സംസാരിക്കുമായിരുന്നു. സാര്‍ എന്നതിലുപരി എന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു ലോഹി സാര്‍. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വലിയൊരു ഷോക്കായിരുന്നു. തിരക്കഥ എഴുതുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് എന്നോട് ആദ്യമായി പറഞ്ഞത് ലോഹി സാറാണ്. അന്നൊന്നും ഞാന്‍ റൈറ്ററാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ലോഹി സാര്‍ അന്ന് പറഞ്ഞുതന്ന കാര്യങ്ങള്‍ പിന്നീട് എനിക്ക് സഹായമായി മാറി,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy says that he is a die hard fan of Lohithadas

Latest Stories

We use cookies to give you the best possible experience. Learn more