മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമ്പോയാണ് നടന്‍ മോഹന്‍ലാലിന്റേതും സംവിധായകന്‍ സിബി മലയിലിന്റേതും. ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കോമ്പോയാണ് ഇവരുടേത്. കിരീടം, ദശരഥം, സദയം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി മികച്ച സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ എത്തിയിട്ടുണ്ട്.
കിരീടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസില്‍ ഒരു വിങ്ങലാണ്. ലോഹിതദാസിന്റെ തിരക്കഥയിലായിരുന്നു സിബി മലയില്‍ ഈ സിനിമ സംവിധാനം ചെയ്തത്. ഇപ്പോള്‍ കിരീടത്തെ കുറിച്ചും ലോഹിതദാസിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്.
ലോകത്തിലെ ഏറ്റവും മികച്ച സിനിമ ഏതാണെന്ന് ചോദിച്ചാല്‍ താന്‍ കിരീടത്തിന്റെ പേരാണ് പറയുക എന്നാണ് അദ്ദേഹം പറയുന്നത്. ഇന്നും തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് അതെന്നും ജിസ് പറയുന്നു. കിരീടം സിനിമയുടെ തുടക്കം വിസ്മയമാണെന്നും ഒരു അച്ഛന്റെ സ്വപ്‌നത്തില്‍ നിന്നാണ് ആ സിനിമ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും മികച്ച സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക കിരീടം എന്നാണ്. ആ സിനിമയുടെ പേര് പറയാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഇന്നും എന്റെ ഏറ്റവും ഫേവറൈറ്റായ സിനിമയാണ് അത്.
ഞാന്‍ ഒരിക്കല്‍ ലോഹി സാറിനോട് സംസാരിക്കുമ്പോള്‍ ഒരു കാര്യം ചോദിച്ചു. അതായത് ‘മനുഷ്യന്മാരുടെ വികാരങ്ങളും മനുഷ്യരുടെ ചങ്കിന്റെ ഉള്ളിലൂടെ പോകുന്ന കാര്യങ്ങളും എങ്ങനെയാണ് ഇത്ര മനോഹരമായി മനസിലാക്കുന്നത്? എങ്ങനെയാണ് അത് എഴുതി പിടിപ്പിക്കുന്നത്?’ എന്ന് ഞാന്‍ ചോദിച്ചു.
സേതുവിനോട് കത്തി താഴെയിടാന്‍ പറയുന്ന ആ സീന്‍ വേറെ ഏതൊരു റൈറ്ററാണ് എഴുതുന്നതെങ്കിലും അത് ഒരു പാരഗ്രാഫിലേക്ക് എഴുതിവെക്കും. ആ സംഭാഷണത്തെ ലോഹി സാര്‍ ‘കത്തി താഴെ ഇടടാ’ എന്ന ഒരൊറ്റ വാചകം കൊണ്ട് എഴുതി തീര്‍ത്തു.
കിരീടം എന്ന സിനിമയുടെ തുടക്കം വിസ്മയമാണ്. ഒരു അച്ഛന്റെ സ്വപ്‌നത്തില്‍ നിന്നാണ് ആ സിനിമ തുടങ്ങുന്നത്. ആ സ്വപ്‌നം ശിഥിലമായി പോകുന്നതാണ് കിരീടം പറയുന്ന കഥ,’ ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Says Kireedam Is The Best Movie In This World