പ്രേമലുവിന്റെ കാര്യം അറിഞ്ഞിരുന്നെങ്കില്‍ എന്റെ സിനിമയിലേക്ക് നസ്‌ലെനെ വിളിക്കില്ലായിരുന്നു: ജിസ് ജോയ്
Entertainment
പ്രേമലുവിന്റെ കാര്യം അറിഞ്ഞിരുന്നെങ്കില്‍ എന്റെ സിനിമയിലേക്ക് നസ്‌ലെനെ വിളിക്കില്ലായിരുന്നു: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th June 2024, 2:50 pm

തന്റെ ഏറ്റവും പുതിയ ചിത്രമായ തലവനിലേക്ക് താന്‍ ആദ്യം നസ്‌ലെനെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. സിനിമയിലെ ജാഫര്‍ ഇടുക്കിയുടെ കഥാപാത്രത്തിന്റെ പ്രായം ആദ്യം വളരെ കുറവായിരുന്നുവെന്നും ആ കഥാപാത്രത്തിലേക്ക് തങ്ങള്‍ നസ്‌ലെനെയായിരുന്നു കാസ്റ്റ് ചെയ്തത് എന്നുമാണ് അദ്ദേഹം പറയുന്നത്. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്. ആ സമയത്ത് പ്രേമലുവിന്റെ ഷൂട്ട് നടക്കുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും അങ്ങനെയൊരു സിനിമയുടെ കാര്യമറിഞ്ഞിരുന്നെങ്കില്‍ താന്‍ ഒരിക്കലും അവനെ വിളിക്കില്ലായിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘തലവനിലെ ജാഫറിന്റെ കഥാപാത്രത്തിന്റെ പ്രായം ആദ്യം വളരെ കുറവായിരുന്നു. ആ കഥാപാത്രത്തിന്റെ പ്ലോട്ടും ഇങ്ങനെ അല്ലായിരുന്നു. ആദ്യം ഈ കഥാപാത്രത്തിലേക്ക് നസ്‌ലെനെ ആയിരുന്നു ഞങ്ങള്‍ കാസ്റ്റ് ചെയ്തത്. ആ സമയത്ത് പ്രേമലു സിനിമയുടെ ഷൂട്ട് നടക്കുന്നത് എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. അങ്ങനെ ഒരു സിനിമയുടെ കാര്യം ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അവനെ വിളിക്കില്ലായിരുന്നു. കാരണം അതില്‍ അവന്‍ ഹീറോ ആയിട്ടാണ് അഭിനയിക്കുന്നത്.

തലവനില്‍ ഒരു കാമിയോ ആയി ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു അന്ന് നസ്‌ലെനോട് ചോദിച്ചത്. പാവം, അവന്‍ അപ്പോള്‍ തന്നെ നമ്മുടെ സിനിമയല്ലേ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞാകും ഷൂട്ടിന്റെ ഡേറ്റെന്നും ഞങ്ങള്‍ അറിയിക്കാമെന്നും അവനോട് പറഞ്ഞു. എനിക്ക് സത്യത്തില്‍ അവനെ തലവനില്‍ കൊണ്ടുവരുന്നതില്‍ വളരെ സന്തോഷമുണ്ടായിരുന്നു. ഇതിന് മുമ്പ് ഞാന്‍ വര്‍ക്ക് ചെയ്യാത്ത ഒരു ആര്‍ട്ടിസ്റ്റായിരുന്നു നസ്‌ലെന്‍. ഇപ്പോള്‍ എനിക്ക് നസ്ലെനുമായി നല്ല പരിചയമുണ്ട്. പക്ഷെ അന്ന് അവനെ അറിയാമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഞങ്ങള്‍ വിളിച്ചപ്പോള്‍ തന്നെ ആ കഥാപാത്രം ചെയ്യാമെന്ന് പറയാനുള്ള മനസ് അവനുണ്ടായിരുന്നു.

Also Read: ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാള്‍ എനിക്ക് ശരീരം വിറ്റ് നടക്കുന്നവനെന്ന പേരിട്ടത്: ടിനി ടോം

പക്ഷെ പിന്നീടാണ് ആ കഥാപാത്രത്തെ വേറെ ചില കാര്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നിയത്. അപ്പോള്‍ ആളുടെ വരവിന് എന്തെങ്കിലും ഒരു ഉദ്ദേശം കൂടെ ഉണ്ടെങ്കില്‍ കുറച്ചുകൂടെ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ആ കഥാപാത്രത്തിന് പ്രായം കൂട്ടി ഒരു മാറ്റം കൊണ്ടുവന്നത്. അതോടെ ആദ്യമുണ്ടായ നസ്ലെന്റെ ആ ചാപ്റ്റര്‍ മൊത്തത്തിലായി അങ്ങോട്ട് മാറ്റി വെച്ചു. പിന്നെ സിനിമയില്‍ കാണുന്ന പുതിയ ചാപ്റ്റര്‍ എഴുതുകയായിരുന്നു,’ ജിസ് ജോയ് പറഞ്ഞു.


Content Highlight: Jis Joy Says Had He Known About Premalu, He Would Not Have Invited Naslen For Thalavan Movie