പൃഥ്വിരാജിനോട് കഥ പറയാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. ഡബിള്‍ ബാരലിന്റെ ഷൂട്ട് ഗോവയില്‍ നടക്കുന്ന സമയത്താണ് താന്‍ പൃഥ്വിയെ കാണാന്‍ പോയതെന്നും ആ സമയത്ത് പറഞ്ഞ കഥ പൃഥ്വിക്ക് ഇഷ്ടമായെന്നും ജിസ് ജോയ് പറഞ്ഞു. എന്നാല്‍ പല തിരക്കുകള്‍ കാരണം ആ പ്രോജക്ട് ഇതുവരെ നടന്നിട്ടില്ലെന്നും ജിസ് കൂട്ടിച്ചേര്‍ത്തു.
ആ സിനിമയില്‍ പൃഥ്വിയുടെ വില്ലനായി മൂന്ന് നടന്മാരുടെ പേര് സജസ്റ്റ് ചെയ്‌തെന്നും എന്നാല്‍ തന്നെ ഞെട്ടിച്ചുകൊണ്ട് ആ വേഷത്തിലേക്ക് ആസിഫ് വന്നാല്‍ നന്നാകില്ലേ എന്ന് ചോദിച്ചെന്നും ജിസ് ജോയ് പറഞ്ഞു. ആസിഫിനോട് ആ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കാന്‍ പറഞ്ഞെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.
‘ഡബിള്‍ ബാരലിന്റെ ഷൂട്ട് ഗോവയില്‍ നടക്കുന്ന സമയത്ത് ഞാന്‍ പൃഥ്വിയെ കാണാന്‍ പോയി. ഒരു കഥ പറയാനാണ് പോയത്. അതിന് മുമ്പ് ഞാന്‍ പൃഥ്വിയുമായി ഒരുപാട് ആഡ് ഫിലിംസ് ചെയ്തിട്ടുണ്ട്. ഷൂട്ടിന്റെ ഇടയില്‍ ഞാന്‍ പൃഥ്വിയെക്കണ്ട് കഥ പറഞ്ഞു. വില്ലനായിട്ട് മൂന്ന് നടന്മാരുടെ പേര് പറഞ്ഞു. പക്ഷേ ആ മൂന്ന് പേരും വേണ്ട എന്ന് പറഞ്ഞിട്ട് ആസിഫിന്റെ പേരാണ് രാജു സജസ്റ്റ് ചെയ്തത്.
സത്യം പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ അത്ഭുതപ്പെട്ടു പോയി. കാരണം, ആസിഫിന്റെ പേര് രാജു പറയുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. ആ പ്രൊജക്ട് പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല. ഇനി നടക്കുമോ എന്നറിയില്ല. നടന്നാല്‍ നല്ലൊരു സിനിമയായിരിക്കും അത്,’ ജിസ് ജോയ് പറഞ്ഞു.
അതേസമയം, തലവന്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ 15 കോടിക്കടുത്ത് കളക്ട് ചെയ്തുകഴിഞ്ഞു. ആസിഫ് അലി – ബിജു മേനോന്‍ എന്നിവരെ നായകന്മാരാക്കി ജിസ് ജോയ് ഒരുക്കിയ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് തലവന്‍. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയ്യും ഒന്നിക്കുന്ന ചിത്രമാണിത്.
Content Highlight: Jis Joy saying that Prithviraj suggests Asif Ali as his antagonist in a movie