ഫീല്‍ഗുഡ് സിനിമകള്‍ മാത്രം ചെയ്താല്‍ പോര, എല്ലാ തരത്തിലുമുള്ള സിനിമകളും ചെയ്യാനാഗ്രഹിക്കുന്നയാളാണ് താനെന്ന് സംവിധായകന്‍ ജിസ് ജോയ്. തന്റെ പുതിയ ചിത്രം തലവന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്. തന്റെ ആദ്യ സിനിമയായ ബൈസിക്കിള്‍ തീവ്‌സ് മലയാളത്തില്‍ ഏറ്റവുമധികം ട്വിസ്റ്റുകളുള്ള സിനിമകളിലൊന്നായിരുന്നുവെന്നും ജിസ് ജോയ് പറഞ്ഞു.
ബൈസിക്കിള്‍ തീവ്‌സിന് ശേഷം യാദൃശ്ചികമായാണ് സണ്‍ഡേ ഹോളിഡേയും വിജയ് സൂപ്പറും ചെയ്തതെന്നും അതോടുകൂടി തന്നെ നന്മമരം സിനിമകള്‍ മാത്രം ചെയ്യുന്നയാളാക്കി മാറ്റിയെന്നും ആ ലേബല്‍ മാറണമെന്നാണ് ആഗ്രഹമെന്നും ജിസ് ജോയ് പറഞ്ഞു. താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ ഇന്നലെ വരെ ആണെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
‘ഈ നന്മമരം സിനിമകള്‍ എന്ന ലേബല്‍ എങ്ങനെയാണ് എനിക്ക് കിട്ടിയത് എന്നറിയില്ല. എന്നെ സംബന്ധിച്ച് എല്ലാ ഴോണറിലുമുള്ള സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അപ്പോഴാണ് നമ്മുടെ കഴിവ് കാണിക്കാന്‍ പറ്റുള്ളൂ. എന്റെ ആദ്യ സിനിമ ഇറങ്ങിയത് 2014ലാണ്. ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമ ഇപ്പോഴും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ട്വിസ്റ്റുകളുള്ള സിനിമകളിലൊന്നാണ്.
അതു കഴിഞ്ഞ് ഞാന്‍ യാദൃശ്ചികമായി ചെയ്ത സിനിമകളാണ് സണ്‍ഡേ ഹോളിഡേയും വിജയ് സൂപ്പറും പൗര്‍ണമിയും എല്ലാം. അതോടുകൂടെ നന്മമരം സിനിമകളുടെ ലേബല്‍ എനിക്ക് കിട്ടി. അത് മാറണം എന്നാണ് ആഗ്രഹം. ആ രണ്ട് സിനിമക്ക് ശേഷം ഞാന്‍ ഇന്നലെ വരെ എന്നൊരു സിനിമ ചെയ്തു. ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ അതാണ്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy saying that he want to explore all movie genres