തന്റെ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജിസ് ജോയ്. സംവിധായകൻ എന്നതിലുപരി തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന് മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെയും വലിയ രീതിയിൽ സ്വീകാര്യത നേടാൻ ജിസ് ജോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ബൈസിക്കിൾ തീവ്സ് എന്ന തന്റെ ആദ്യ സിനിമയുടെ കഥ പറയാൻ നടൻ ദുൽഖർ സൽമാന്റെ അടുത്ത് പോയ അനുഭവം പങ്കുവെക്കുകയാണ് ജിസ് ജോയ്. കഥ കേട്ട ദുൽഖർ കൺഫ്യൂഷനായെന്നും അഭിനയിക്കുന്നതിന് പകരം സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന് താരം പറഞ്ഞെന്നും ജിസ് ജോയ് പറയുന്നു.
‘ദുൽഖർ സൽമാൻ കഥ കേട്ടപ്പോൾ പറഞ്ഞു, ചേട്ടാ എനിക്കൊരു കഥ കേട്ടാൽ ഇഷ്ടമാണെങ്കിൽ ഇഷ്ടപ്പെട്ടെന്നും അല്ലെങ്കിൽ അല്ലായെന്ന് അപ്പോൾ തന്നെ പറയുമെന്ന്. പക്ഷെ ഈ കഥ കേട്ടിട്ട് എനിക്കങ്ങനെ പറയാൻ പറ്റുന്നില്ല.
കാരണം അത്രയേറെ ട്വിസ്റ്റ് ആൻഡ് ടേൺസ് ഈ പടത്തിലുണ്ട്. അതുകൊണ്ട് ഞാൻ ഈ സിനിമ നിർമിക്കാം. വേറൊരു നടനെ വെച്ച് ഈ സിനിമ ചെയ്താലോയെന്ന് ചോദിച്ചു.
ഞാൻ പറഞ്ഞു, ഞാൻ ദുൽഖറിനെ സമീപിച്ചത് അഭിനയിക്കാൻ വേണ്ടിയാണ്. അപ്പോൾ പുള്ളി എന്നോട് വളരെ പ്രാക്ടിക്കലായിട്ട് പറഞ്ഞു, ചേട്ടൻ ആദ്യമായി സിനിമ ചെയ്യാൻ പോകുന്ന ആളാണ്. ചേട്ടൻ ഇപ്പോൾ വായിച്ചു കേൾപ്പിച്ച ട്വിസ്റ്റുകൾ വിഷ്വലിൽ കൊണ്ടുവരാൻ ചേട്ടന് പറ്റിയില്ലെങ്കിൽ സിനിമ ഫ്ലോപ്പ് ആവുമെന്ന് ദുൽഖർ പറഞ്ഞു. അതുകൊണ്ടാണ് ഈ സിനിമ ഞാൻ നിർമിക്കാമെന്ന് പറഞ്ഞതെന്നും ദുൽഖർ പറഞ്ഞു,’ ജിസ് ജോയ് പറയുന്നു.
കഥ എഴുതുമ്പോഴും പറയുമ്പോഴും കഥാപാത്രങ്ങളെ കുറിച്ച് മാത്രമേ പറയുള്ളൂവെന്ന് അതിന് ശേഷം താൻ തീരുമാനിച്ചെന്നും ജിസ് ജോയ് പറഞ്ഞു.
‘സത്യത്തിൽ അത് ദുൽഖറിനെ കണ്ട് എഴുതിയ സിനിമയല്ല. അത് വേറൊരു ആർട്ടിസ്റ്റിനെ കണ്ട് എഴുതിയ ചിത്രമാണ്. അതിന് ശേഷം ഞാനൊരു കാര്യം തീരുമാനിച്ചു, കഥ എഴുതുമ്പോൾ കഥാപാത്രം മാത്രമേ എഴുതുള്ളൂ. കഥ പറയുമ്പോഴും അങ്ങനെയേ പറയുള്ളൂ,’ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy said that He had gone to meet Dulquer for the film Bicycle Thieves