| Wednesday, 11th December 2024, 1:50 pm

ഹൈദരബാദില്‍ നിന്ന് അല്ലു എന്നെ വിളിച്ചാല്‍ മാത്രമേ ഇനി ഞാന്‍ ഡബ്ബ് ചെയ്യുള്ളൂ എന്ന് അന്ന് ആ പ്രൊഡ്യൂസറോട് പറഞ്ഞു: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷാ നടനാണ് അല്ലു അര്‍ജുന്‍. 2004ല്‍ ഇറങ്ങിയ ആര്യ മുതല്‍ക്ക് ഇങ്ങോട്ട് അല്ലു നായകനായ എല്ലാ ചിത്രങ്ങളും മലയാളത്തില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ആര്യ മുതല്‍ എല്ലാ ചിത്രത്തിലും അല്ലുവിന് ശബ്ദം നല്‍കിയത് സംവിധായകനായ ജിസ് ജോയ് ആയിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പുഷ്പ 2വിലും അല്ലുവിന് ശബ്ദം നല്‍കിയത് ജിസ് ജോയ് ആണ്.

അല്ലുവിന്റെ യഥാര്‍ത്ഥ ശബ്ദത്തെക്കാള്‍ ആരാധകര്‍ക്ക് ഇഷ്ടം ജിസ് ജോയ്‌യുടെ ശബ്ദമാണ്.അല്ലു അര്‍ജുന്റെ ഡബ്ബ് ചെയ്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ താന്‍ ശബ്ദം കൊടുക്കാതെ ഇരുന്നുള്ളൂവെന്ന് ജിസ് ജോയ് പറഞ്ഞു. ആ സിനിമയുടെ പ്രൊഡക്ഷന്‍ സൈഡുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്നാണ് താന്‍ പിന്മാറിയതെന്ന് ജിസ് ജോയ് പറഞ്ഞു.

അവര്‍ക്ക് തന്നെ വിളിക്കാന്‍ താത്പര്യമില്ലായിരുന്നെന്ന് ആദ്യമേ മനസിലായെന്നും എന്നാലും താന്‍ അതിന് പോയെന്നും ജിസ് കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ആ സിനിമ വിതരണത്തിനെടുത്തത് ഇന്നത്തെ വലിയൊരു പ്രൊഡ്യൂസറാണെന്നും അന്ന് തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നെന്നും ജിസ് ജോയ് പറഞ്ഞു.

താന്‍ പോയാല്‍ തന്റെ ശബ്ദം അനുകരിക്കാന്‍ കഴിയുന്നവര്‍ വേറെയുണ്ടെന്ന് അവര്‍ തന്നോട് പറഞ്ഞെന്നും അതോടെ താന്‍ ആ സിനിമയില്‍ നിന്ന് പിന്മാറിയെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. അവര്‍ക്കും അതായിരുന്നു വേണ്ടതെന്നും ഹൈദരബാദില്‍ നിന്ന് വിളിക്കുമ്പോള്‍ താന്‍ പിന്മാറിയതാണെന്ന് അവരോട് പറയുകയായിരുന്നു ഉദ്ദേശമെന്നും ജിസ് ജോയ് പറഞ്ഞു.

ഇനി തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാലും താന്‍ ഡബ്ബ് ചെയ്യില്ലെന്നും അങ്ങനെ ചെയ്യണമെങ്കില്‍ ഹൈദരബാദില്‍ നിന്ന് അല്ലു അര്‍ജുനോ അദ്ദേഹത്തിന്റെ മാനേജറോ തന്നെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘അല്ലു അര്‍ജുന്റെ ഒരു സിനിമ ഒഴികെ ബാക്കി എല്ലാത്തിനും ഡബ്ബ് ചെയ്തത് ഞാനാണ്. ആ ഒരു സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. കേരളത്തില്‍ അതിന്റെ റൈറ്റ്‌സ് ഏറ്റെടുത്തവര്‍ എന്നെ വിളിച്ചപ്പോള്‍ ഒരു ഡിസ്‌റെസ്‌പെക്ട് ഫീല്‍ ചെയ്തിരുന്നു. എന്നിരുന്നാലും ഞാന്‍ പോയി. പക്ഷേ പിന്നീട് അവര്‍ എന്നോട് പെരുമാറിയ രീതി എനിക്ക് അക്‌സപ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

ഞാന്‍ പോയാലും എന്നെപ്പോലെ ഡബ്ബ് ചെയ്യാന്‍ കഴിവുള്ളവര്‍ വേറെയുമുണ്ടെന്ന് എന്നോട് അവര്‍ പറഞ്ഞു. അതോടെ ഞാന്‍ ആ സിനിമയില്‍ നിന്ന് പിന്മാറി. അവര്‍ക്കും അതായിരുന്നു വേണ്ടത്. കാരണം, ഹൈദരബാദില്‍ നിന്ന് പ്രൊഡക്ഷന്‍ ടീം വിളിക്കുമ്പോള്‍ ഞാന്‍ പിന്മാറിയെന്ന് പറയണമെന്നായിരുന്നു ഉദ്ദേശം.

‘ഇനി എന്റെ എല്ലാ ഡിമാന്‍ഡും അംഗീകരിച്ചാലും ഞാന്‍ ഈ സിനിമക്ക് ഡബ്ബ് ചെയ്യില്ല’ എന്ന് അവരോട് പറഞ്ഞു. ‘അഥവാ ചെയ്യണമെങ്കില്‍ ഹൈദരബാദില്‍ നിന്ന് അല്ലു അര്‍ജുനോ അദ്ദേഹത്തിന്റെ മാനേജറോ വിളിക്കണം’ എന്ന് പറഞ്ഞ് അവിടുന്ന് ഇറങ്ങി,’ ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy about the movie he didn’t dubbed for Allu Arjun

We use cookies to give you the best possible experience. Learn more