തന്നെ ഏറ്റവും സ്വാധീനിച്ച സിനിമയെയും നടനെയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ്. പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.
ലോഹിതദാസാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരനെന്നും അദ്ദേഹം എഴുതിയതില്‍ കിരീടമാണ് തന്നെ ഏറ്റവും സ്വാധീനിച്ച സിനിമയെന്നും ജിസ് ജോയ് പറഞ്ഞു. കിരീടത്തിന്റെ തിരക്കഥയുടെ ഫസ്റ്റ് പേജില്‍ മോഹന്‍ലാലിന്റെ ഒപ്പ് വാങ്ങി അത് തന്റെ വീടിന്റെ ഉള്ളില്‍ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടെന്നും ജിസ് ജോയ് പറഞ്ഞു.
‘എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച തിരക്കഥാകൃത്ത് ലോഹിതദാസ് സാറാണ്. അദ്ദേഹത്തിനെപ്പോലെ എന്നെ അത്ഭുതപ്പെടുത്തിയ തിരക്കഥാകൃത്ത് വേറെയില്ല. എന്റെ വീടിന്റെ ഉള്ളില്‍ ഞാന്‍ കിരീടം സിനിമയുടെ സ്‌ക്രിപ്റ്റിന്റെ ഫസ്റ്റ് പേജ് ലാലേട്ടന്റെ കൈയില്‍ നിന്ന് സൈന്‍ വാങ്ങി ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ വന്നവര്‍ മുഴുവന്‍ അത് കണ്ടിട്ടുണ്ട്.
ആ ഫസ്റ്റ് പേജ് സൈന്‍ വാങ്ങാന്‍ പോയപ്പോള്‍ ലാലേട്ടന്‍ എന്നോട് ചോദിച്ചിട്ടുണ്ട് ‘എന്തുകൊണ്ടാണ് ഈ സിനിമയുടെ സ്‌ക്രിപ്റ്റില്‍ ഒപ്പ് വാങ്ങിക്കുന്നത്’ എന്ന്. ഞാന്‍ അപ്പോള്‍ ലാലേട്ടനോട് പറഞ്ഞു, ലാലേട്ടാ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടാക്കിയ സിനിമയാണ് കിരീടം.
അത്രയേറെ സ്വാധീനിച്ച എഴുത്തുകാരമാണ് ലോഹിതദാസ് സാര്‍. അത്രയേറെ സ്വാധീനിച്ച നടനാണ് മോഹന്‍ലാല്‍. ഇത് മൂന്നും ഒരുമിച്ച് ഒരു പേജില്‍ വരുന്നതിനെക്കാള്‍ വലിയ ലക്ഷ്വറി വേറെയുണ്ടോ എന്നാണ്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy about the most influenced writer and movie