|

എന്റെ കണ്മുന്നില്‍ ഒരു മഹാമേരു കണക്കെ വളര്‍ന്ന സൂപ്പര്‍സ്റ്റാര്‍ അയാളാണ്: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ ആളാണ് ജിസ് ജോയ്. ചെറിയ ചെറിയ സിനിമകളിലൂടെ ഡബ്ബിങ് ആരംഭിച്ച ജിസ് ജോയ് അല്ലു അര്‍ജുന് ഡബ്ബ് ചെയ്തതിലൂടെ പ്രശസ്തനായി. സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായപ്പോഴും അല്ലുവിന്റെ സിനിമകളില്‍ ചാരത്തിന് ശബ്ദം നല്‍കുന്നത് ഇപ്പോഴും ജിസ് ജോയ് തന്നെയാണ്. അല്ലു അര്‍ജുന്റെ വളര്‍ച്ചയെക്കുറിച്ച് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ജിസ് ജോയ് സംസാരിച്ചു.

ആര്യക്ക് ഡബ്ബ് ചെയ്യുന്ന സമയത്ത് അല്ലു വെറും ചെറിയ പയ്യനായിരുന്നുവെന്നും, തന്റെ കണ്മുന്നില്‍ ഒരു മഹാമേരു കണക്കെ വളര്‍ന്ന സൂപ്പര്‍സ്റ്റാറാണ് അല്ലുവെന്നും ജിസ് ജോയ് പറഞ്ഞു. പുതിയ ചിത്രമായ തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്. അന്നത്തെ ഇന്റര്‍വ്യൂവില്‍ ഇരുന്ന് ചോക്ലേറ്റാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് പറഞ്ഞിരുന്ന പയ്യനില്‍ നിന്ന് ഇന്ന് പുഷ്പയിലെ തെഗ്ഗദലേ എന്ന ഡയലോഗിലേക്കുള്ള വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ കണ്മുന്നില്‍ ഒരു മഹാമേരു കണക്കെ വളര്‍ന്ന സൂപ്പര്‍സ്റ്റാറാണ് അല്ലു അര്‍ജുന്‍. ആര്യക്ക് വേണ്ടി ഡബ്ബ് ചെയ്ത സമയത്ത് ചെറിയ പയ്യനായിരുന്നു അല്ലു. അതില്‍ നിന്ന് ഇന്ന് കാണുന്ന നിലയിലേക്ക് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് വളര്‍ന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അന്നൊക്കെയുള്ള ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് ചോക്ലേറ്റാണ് ഏറ്റവുമിഷ്ടമെന്ന് പറഞ്ഞ ആ കൊച്ചു പയ്യനില്‍ നിന്ന് തെഗ്ഗദലേ എന്ന് പറഞ്ഞ് ഇന്ത്യ മുഴുവന്‍ സെന്‍സേഷനായ താരത്തിലേക്കുള്ള വളര്‍ച്ച ഇന്‍സ്പിറേഷനാണ്,’ ജിസ് ജോയ് പറഞ്ഞു.

ആസിഫ് അലി ബിജു മേനോന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത് അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റിയന്‍ എന്നിവര്‍ ചേര്‍ന്നാണ്. മിയ ജാര്‍ജ്, അനുശ്രീ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതം. മെയ് 24ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Jis Joy about the growth of Allu Arjun