| Friday, 13th December 2024, 12:06 pm

ആസിഫിന്റെ അഭിനയം മോശമായതുകൊണ്ടല്ല ആ സിനിമകള്‍ പരാജയപ്പെട്ടത്: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയ്യുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫിന് കിട്ടിയ വലിയൊരു ഹിറ്റ് കൂടിയാണ് തലവന്‍. എന്നാല്‍ തലവന് മുമ്പുള്ള സിനിമകള്‍ പരാജയപ്പെടാന്‍ കാരണം ആസിഫ് അലി മാത്രമല്ലെന്ന് പറയുകയാണ് ജിസ് ജോയ്. ഒരു സിനിമയും പരാജയമാകണമെന്ന ചിന്തയിലല്ല സംവിധായകര്‍ സമീപിക്കുന്നതെന്ന് ജിസ് ജോയ് പറഞ്ഞു. കഥ കേള്‍ക്കുമ്പോള്‍ നല്ലൊരു പ്രൊജക്ടാകുമെന്ന ചിന്തയിലാകും കമ്മിറ്റ് ചെയ്യുകയെന്നും എന്നാല്‍ വിഷ്വലൈസ് ചെയ്യുമ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ വരാത്തതാണ് പ്രശ്‌നമെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

ആ പ്രൊജക്ട് കമ്മിറ്റ് ചെയ്ത ശേഷം അതില്‍ നിന്ന് പിന്മാറുന്നത് ശരിയായ നടപടിയല്ലാത്തതുകൊണ്ട് പൂര്‍ത്തിയാക്കേണ്ടി വരാറുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആസിഫിന്റെ അഭിനയം മോശമായതുകൊണ്ടല്ല ആ സിനിമകള്‍ പരാജയപ്പെടുന്നതെന്നും ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന എല്ലാ നടന്മാരും ഇതേ സ്റ്റേജിലൂടെ കടന്നുപോയിട്ടുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

സിനിമയെന്ന് വെച്ചാല്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടാകുമെന്നും പരാജയത്തില്‍ നിന്ന് തിരിച്ചുവരാന്‍ എല്ലാവരും പരിശ്രമിക്കാറുണ്ടെന്നും ജിസ് ജോയ് പറഞ്ഞു. ഓരോ സിനിമയും പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടിയിലാണ് എല്ലാ സൂപ്പര്‍സ്റ്റാറുകളും മുന്നോട്ടുപോകുന്നതെന്നും സിനിമയുമായി ബന്ധപ്പെട്ട് വര്‍ക്ക് ചെയ്യുന്ന എല്ലാ ടെക്‌നീഷ്യന്മാര്‍ക്കും ഈ പേടിയുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘തലവന്റെ വിജയം ആസിഫിനെ മാത്രമല്ല, അയാളെ സ്‌നേഹിക്കുന്നവരെയും സന്തോഷിപ്പിച്ചിരുന്നു. അതിന് മുമ്പ് കുറെ സിനിമകള്‍ പരാജയപ്പെട്ടു. എന്നാല്‍ പടം പൊട്ടണമെന്ന ചിന്തയിലല്ല ഒരു ഡയറക്ടറും സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. കഥ കേള്‍ക്കുന്ന സമയത്ത് ഇത് നല്ലതാണല്ലോ എന്ന ചിന്തയിലാണ് അതെല്ലാം കമ്മിറ്റ് ചെയ്യുക. പക്ഷേ ആ കഥ വിഷ്വലൈസ് ചെയ്യുമ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ച രീതിയിലാവില്ല വരുന്നത്.

ഷൂട്ട് തുടങ്ങിയതിന് ശേഷം പിന്നീട് അതില്‍ നിന്ന് പിന്മാറുന്നത് ശരിയായ കാര്യമല്ലാത്തതുകൊണ്ട് അത് കംപ്ലീറ്റ് ചെയ്യുന്നു. മാത്രമല്ല, ആ സിനിമകള്‍ പരാജയപ്പെട്ടത് ആസിഫിന്റെ അഭിനയം മോശമായതുകൊണ്ടല്ല. ഇന്ന് തിളങ്ങിനില്‍ക്കുന്ന എല്ലാ സൂപ്പര്‍സ്റ്റാറുകളും ഇതേ സ്റ്റേജിലൂടെ കടന്നുപോയിട്ടുണ്ട്.

സിനിമ എന്ന് പറഞ്ഞാല്‍ തന്നെ മുഴുവന് അപ്‌സ് ആന്‍ഡ് ഡൗണ്‍സ് ആണ്. ഇപ്പോഴുള്ള എല്ലാ സ്റ്റാറുകളുടെയും പേടി അടുത്ത സിനിമ ഓഡിയന്‍സ് സ്വീകരിക്കുമോ ഇല്ലയോ എന്നാണ്. ആക്ടേഴ്‌സിന് മാത്രമല്ല, എല്ലാ ടെക്‌നീഷ്യന്‍സിനും ഇതേ പേടിയുണ്ട്,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy about the failure movies of Asif Ali

We use cookies to give you the best possible experience. Learn more