സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയ്‌യുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.
മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ ബ്ലെസിയെക്കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. ഇന്ന് ഓരോ സംവിധായകരും സൂപ്പര്‍താരങ്ങളെ വെച്ച് വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കുകയാണെന്നും അതിന്റെയെല്ലാം തുടക്കം ബ്ലെസിയെപ്പോലുള്ള സംവിധായകരില്‍ നിന്നാണെന്നും ജിസ് ജോയ് പറഞ്ഞു. കാഴ്ച എന്ന സിനിമ അന്നത്തെ കാലത്തെ മികച്ചൊരു പരീക്ഷണമായിരുന്നെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് മമ്മൂട്ടി ചെയ്ത സിനിമകളെല്ലാം വലിയ വിജയമാകാതിരുന്നെന്നും അപ്പോഴാണ് കാഴ്ച എന്ന സിനിമ വന്നതെന്നും ജിസ് ജോയ് പറഞ്ഞു. ആ സിനിമ താന്‍ എറണാകുളം സവിതയില്‍ നിന്നാണ് കണ്ടതെന്നും അതുവരെ കണ്ട ക്ലൈമാക്‌സുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു കാഴ്ചയുടേതെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.
സിനിമ കണ്ട ശേഷം താന്‍ ബ്ലെസിയെ വിളിച്ച് സംസാരിച്ചെന്നും അത്തരമൊരു ക്ലൈമാക്‌സ് ചെയ്യാന്‍ നല്ല ആര്‍ജവം വേണമെന്ന് പറയുകയും ചെയ്‌തെന്ന് ജിസ് ജോയ് പറഞ്ഞു. ആ കുട്ടിയെ മാധവന്‍ എന്ന കഥാപാത്രം കൊണ്ടുപോകണമെന്ന് ആഗ്രഹിച്ച പ്രേക്ഷകര്‍ക്ക് വലിയൊരു ഷോക്കായിരുന്നു ആ ക്ലൈമാക്‌സെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു ജിസ് ജോയ്.
‘ഇപ്പോഴത്തെ സംവിധായകരെല്ലാം സൂപ്പര്‍സ്റ്റാറുകളെ വെച്ച് വ്യത്യസ്തമായ സിനിമകള്‍ ചെയ്യുകയാണ്. പക്ഷേ, അതിന്റെയെല്ലാം തുടക്കം അന്വേഷിക്കുകയാണെങ്കില്‍ പ്രിയദര്‍ശന്‍, ബ്ലെസി പോലുള്ള സംവിധായകരുടെ അടുത്തായിരിക്കും എത്തുക. വന്ദനത്തിന്റെ ക്ലൈമാക്‌സ് അങ്ങനെ അല്ലായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്ന പലരും ഇപ്പോഴും ഉണ്ട്. അതുപോലെ തന്നെയാണ് ബ്ലെസി ചേട്ടന്റെ കാഴ്ചയും.
ആ സമയത്ത് മമ്മൂക്ക ചെയ്ത പടങ്ങളെല്ലാം വലിയ വിജയമായിരുന്നില്ല. അപ്പോഴാണ് ബ്ലെസി ചേട്ടന്റെ കാഴ്ച എന്ന സിനിമ വരുന്നത്. അതിന്റെ ക്ലൈമാക്‌സില്‍ മാധവന്‍ എന്ന ക്യാരക്ടര്‍ ആ കുട്ടിയെയും കൊണ്ട് പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവര്‍ക്ക് വലിയൊരു ഷോക്കായിരുന്നു ആ ക്ലൈമാക്‌സ് സമ്മാനിച്ചത്. അത്തരമൊരു ക്ലൈമാക്‌സ് ചെയ്യാന്‍ നല്ല ആര്‍ജവം വേണം. സിനിമ കണ്ട ശേഷം ഞാന്‍ ബ്ലെസി ചേട്ടനെ വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തു,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy about the climax of Kaazhcha movie and Blessy