മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു സൺഡേ ഹോളിഡേയ്‌സ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ശ്രുതി ആസിഫ് അലിയെ നോക്കുന്ന ഒരു നോട്ടമുണ്ട്, അത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജിസ് ജോയ്.
അത് ഒരിക്കലും സ്ക്രിപ്റ്റിൽ എഴുതിവെക്കാൻ പറ്റില്ലെന്നും ആ നോട്ടം പിന്നീട് എടുത്തതാണെന്നും ജിസ് ജോയ് പറഞ്ഞു. എന്നാൽ ശ്രുതിയുടെ നോട്ടം എല്ലാവരിലും അത്രയും ഇമ്പാക്ട് ഉണ്ടാക്കിയെന്നും ജിസ് മിർച്ചി മലയാളത്തോട് പറഞ്ഞു.
‘അതൊരിക്കലും നമുക്ക് സ്ക്രിപ്റ്റിൽ എഴുതി വെയ്ക്കാൻ പറ്റുന്നതല്ല. രാവിലെ സെറ്റിലേക്ക് പോകുമ്പോൾ ആ നോട്ടം എടുക്കണം എന്ന് വെച്ചിട്ടല്ല പോകുന്നത്. ആസിഫും അപർണയും വീട്ടിൽ മിണ്ടാതെ നിൽക്കുന്നു. അവരെക്കൊണ്ട് ഞാൻ മിണ്ടിച്ചിട്ടില്ല. അച്ഛനും അമ്മയും കൂടെ ഈ തേച്ച പെണ്ണിനോട് സംസാരിക്കുകയാണ്.
ആ സീൻ എടുത്ത് അവർ തിരിച്ചു നടന്നു പോകുന്നു. ആ ഷോട്ട് ഇങ്ങനെ എടുത്തു കഴിഞ്ഞു. ആ ഷോട്ട് എടുത്ത് കഴിഞ്ഞിട്ട് ഞാൻ ആസിഫിനോട് കൈ കെട്ടികൊണ്ട് ഒന്ന് നോക്കി നിൽക്കാൻ പറഞ്ഞു. അത് അങ്ങനെ അവൻ ചെയ്തു. ആ ഷോട്ടും എടുത്തു. അപ്പോൾ എനിക്ക് തോന്നി അയാൾ കൈകെട്ടി ഒരു മധുര പ്രതികാരം പോലെ ഒരു പുഞ്ചിരി ചിരിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന്. അത് നല്ലതായിരിക്കും എന്ന് തോന്നി.
അങ്ങനെ ചിരിക്കണമെങ്കിൽ അവൾ കാണണമല്ലോ. അപ്പോൾ ആ ഷോട്ട് വീണ്ടും എടുത്തു. ശ്രുതി നടന്നു പൊക്കോ, അവിടെ എത്തുമ്പോൾ ഒന്ന് പതുക്കെ തിരിഞ്ഞു നോക്കണം, തറപ്പിച്ചു നോക്കണം. നീ എന്നെ പറ്റിക്കുകയായിരുന്നു അല്ലേടാ? ഞാൻ നിന്നെയല്ല തേച്ചത് നീ എന്നെയാണ് എന്ന അർത്ഥത്തിൽ നോക്കണം എന്ന് പറഞ്ഞു. ആ നോട്ടമാണ് ശ്രുതി നോക്കിയത്. ശ്രുതിയുടെ കണ്ണ് ഒക്കെ ഭയങ്കര അടിപൊളി ആണല്ലോ എന്ന് പറഞ്ഞപോലെ അവളുടെ നോട്ടത്തിന് ഭയങ്കര ഇമ്പാക്ട് ഉണ്ടാക്കി. ഞങ്ങൾ എല്ലാവരും ഞെട്ടിപോകുന്ന ഇമ്പാക്ട് ആയിരുന്നു ആ നോട്ടത്തിന്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis joy about sunday holydays a scene