മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സ്ഫടികം. 1995ല്‍ റിലീസായ ചിത്രം സംവിധാനം ചെയ്തത് ഭദ്രനാണ്. മോഹന്‍ലാല്‍ ഗംഭീരമാക്കിയ ആടുതോമ എന്ന കഥാപാത്രം ഈ സിനിമയിലാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികം 4കെ മികവില്‍ റീമാസ്റ്റര്‍ ചെയ്ത വേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു റീ റിലീസ്. തിലകൻ, ഉർവശി, കെ.പി.എ.സി. ലളിത തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂ ഉണ്ട്.
സ്ഫടികം വെറുമൊരു അടിപ്പടമല്ലെന്നും പ്രേക്ഷകരെ ഇമോഷണലി കണക്റ്റ് ചെയ്യുന്ന ഒരു സാധനം ചിത്രത്തിലുണ്ടെന്നും ജിസ് പറയുന്നു. സ്ഫടികം പോലൊരു ചിത്രം പിന്നീട് എന്തുകൊണ്ട് മലയാളത്തിൽ ഇറങ്ങിയില്ലെന്ന് താൻ ഇടയ്ക്ക് ആലോചിക്കാറുണ്ടെന്നും ഒരുപാട് പേരെ സ്വാധീനിച്ചിട്ടുള്ള ചിത്രമാണ് സ്ഫടികമെന്നും ജിസ് ജോയ് പറഞ്ഞു.
‘സ്ഫടികം എത്ര ഇടിയുള്ള സിനിമയായിരുന്നു. അതിനെ വെറുമൊരു ഇടി പടം മാത്രമായി കാണുന്നവരുണ്ട്. പക്ഷെ എന്തൊരു പടമാണത്. നമ്മളെ അത്രയും ഇമോഷണലി ഹുക്ക് ചെയ്യാൻ സ്ഫടികത്തിന് കഴിഞ്ഞിട്ടുണ്ട്.
സ്ഫടികം പോലൊരു സിനിമയൊന്നും പിന്നെ എന്താണ് മലയാളത്തിൽ വരാത്തത് എന്നാണ് നമ്മൾ ഇപ്പോൾ ആലോചിക്കുന്നത്. കാരണം എത്ര തവണ നമ്മൾ കണ്ടുവെന്ന് നമുക്ക് തന്നെ അറിയില്ല. അത്രയും തവണ നമ്മളെ ഫൈറ്റ് കൊണ്ട് ത്രിൽ അടിപ്പിക്കുമ്പോഴും പാട്ടുകൊണ്ട് നമ്മളെ വല്ലാതെ ആകർഷിപ്പിക്കുമ്പോഴും ആ സിനിമയ്ക്കുള്ളിൽ വല്ലാത്തൊരു ആത്മാവുണ്ട്.
അത് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു സന്ദേശമുണ്ട്. എത്ര രക്ഷിതാക്കളെ ആ ചിത്രം സ്വാധീനിച്ചിട്ടുണ്ടാവും എത്ര കുട്ടികളെയും അധ്യാപകരെയും അത് സ്വാധീനിച്ചിട്ടുണ്ടാവും. അതുകൊണ്ടൊക്കെയാണ് സ്ഫടികം ഇന്നും നമുക്ക് പ്രിയപ്പെട്ടതാവുന്നത്,’ജിസ് ജോയ് പറയുന്നു.
അതേസമയം മലയാളത്തിലെ ഏറ്റവും ചില വേറിയ ചിത്രമായ എമ്പുരാനിലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലുമാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുറമെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം തുടങ്ങി ഒരുപറ്റം മികച്ച സിനിമകൾ മോഹൻലാലിന്റേതായി പുറത്തുവരാനുണ്ട്.