| Tuesday, 17th December 2024, 5:36 pm

കുമ്പളങ്ങി നൈറ്റ്‌സിലെ ആ ഡയലോഗ് പണ്ടത്തെ സിനിമകളിലൊന്നും പറയാന്‍ കഴിയില്ല, സിനിമ മാറിയ മാറ്റം അതില്‍ കാണാന്‍ പറ്റി: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയ്യുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വന്നതില്‍ വെച്ച് ഏറ്റവും മികച്ച സിനിമകളിലൊന്ന് കുമ്പളങ്ങി നൈറ്റ്‌സാണെന്ന് പറയുകയാണ് ജിസ് ജോയ്. ആ സിനിമ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും അതിലെ ഒരു സീന്‍ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും ജിസ് ജോയ് പറഞ്ഞു. ചിത്രത്തില്‍ സൗബിനും സഹോദരന്മാരും അമ്മയെ കാണാന്‍ പോയതിന് ശേഷം ബാറിലിരുന്ന് സംസാരിക്കുന്ന സീന്‍ വളരെ മനോഹരമാണെന്ന് ജിസ് കൂട്ടിച്ചേര്‍ത്തു.

ആ സീനില്‍ സൗബിന്‍ പറയുന്ന ഡയലോഗ് പണ്ടത്തെ സിനിമകളില്‍ പറയാന്‍ പറ്റില്ലായിരുന്നെന്നും പക്കാ കൊച്ചില്‍ സ്ലാങ്ങിലാണ് അതെന്നും ജിസ് ജോയ് പറഞ്ഞു. കൊച്ചിന്‍ സ്ലാങ്ങില്‍ ‘അമൃതാഞ്ജത്തിന്റ മണം’ എന്ന ഡയലോഗ് പണ്ടത്തെ സിനിമകളിലായിരുന്നെങ്കില്‍ സൊന്റിമെന്റല്‍ ബി.ജി.എം ഇടേണ്ടി വന്നേനെയെന്നും അവിടുന്ന സിനിമ മാറിയ മാറ്റമാണ് കാണാന്‍ സാധിച്ചതെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ വന്ന മികച്ച സിനിമകളിലൊന്ന് കുമ്പളങ്ങി നൈറ്റ്‌സാണ്. അതില്‍ സൗബിനും ബാക്കി ബ്രദേഴ്‌സും അമ്മയെ തിരിച്ചുവിളിക്കാന്‍ പോകുന്നുണ്ട്. അമ്മ വരില്ല എന്ന് പറഞ്ഞതിന് ശേഷം അവര്‍ ബാറിലിരുന്നാണ് ചര്‍ച്ച നടത്തുന്നത്. ആ സീനില്‍ ഷെയ്ന്‍ അമ്മയെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ സൗബിന്‍ മറുപടി പറയുന്നുണ്ട്.

‘എടാ, അങ്ങനെയൊന്നും പറയല്ലേ നീ, നിന്നേക്കെക്കൊണ്ട് ഒരുപാട് ഓടണത് ഞാന്‍ കണ്ടിട്ടുണ്ട്. അവര് അടുത്തുകൂടെ പോയപ്പോള്‍ അമൃതാഞ്ജത്തിന്റെ മണമായിരുന്നു’ ഇതാണ് ഡയലോഗ്. ഈ ഡയലോഗ് നമുക്ക് പണ്ടുള്ള സിനിമയില്‍ പറയാന്‍ പറ്റില്ല. പണ്ടായിരുന്നെങ്കില്‍ നോര്‍മല്‍ സ്ലാങ്ങില്‍ ആ ഡയലോഗ് പറയുമ്പോള്‍ സെന്റി ബി.ജി.എം ഇട്ട് പടം വേറൊരു രീതിയില്‍ പോയേനെ. അവിടുന്ന് സിനിമ മാറിയ മാറ്റമാണ് ഈ സിനിമയിലൊക്കെ കാണാന്‍ സാധിക്കുന്നത്,’ ജിസ് ജോയ് പറഞ്ഞു.

Content Highlight: Jis Joy about Soubin’s dialogue in Kumbalangi Nights

We use cookies to give you the best possible experience. Learn more