ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2. ചിത്രത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കി.
പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 1000 കോടിക്കുമുകളിലാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂള്‍ ഒരു സിനിമാറ്റിക് വിസ്മയമായി മാറാന്‍ ഒരുങ്ങുകയാണ്. ചിത്രം ഡിസംബര്‍ 5ന്( നാളെ) ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന് ഡബ്ബ് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ജിസ് ജോയ്. വലിയ സ്കെയിലിലുള്ള പടമാണ് പുഷ്പയെന്നും അതൊക്കെ പ്രേക്ഷകർക്ക് പടത്തിൽ കാണാമെന്നും ജിസ് ജോയ് പറയുന്നു. സിനിമയിലെ ആദ്യ ഷോട്ട് ഒരു വിദേശ രാജ്യത്താണ് കാണിക്കുന്നതെന്നും രശ്മികയും അല്ലു അർജുനുമൊത്തുള്ള റൊമാന്റിക് സീനിൽ ഇതുവരെ കാണാത്തൊരു പരിപാടി പ്രേക്ഷകർക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുഷ്പ 2 വിന്റെ സ്‌കെയ്‌ലിങ് വളരെ വലുതാണ്. എന്നുവെച്ചാൽ പടത്തിന് വേണ്ടി അവർ ഒരുപാട് സ്പെൻഡ് ചെയ്തിട്ടുണ്ട്. അതൊക്കെ പടത്തിൽ കാണാനുമുണ്ട്. അത്രയുമുണ്ട്. നമ്മൾ കാണുമ്പോൾ ഞെട്ടിപ്പോകും. പടം തുടങ്ങുന്ന ആദ്യ ഷോട്ട് ഒരു വിദേശ രാജ്യത്താണ് കാണിക്കുന്നത്. പുഷ്പയുടെ ഒന്നാംഭാഗത്ത് അത് മറ്റൊരു സംസ്ഥാനത്താണ്.
ഇതിൽ വേറെയൊരു ഭാഷയിലാണ്. പുഷ്പയിൽ ഒരുപാട് കിടിലൻ മൊമൻറ്സ് ഉണ്ട്. രശ്‌മികയുമായിട്ടുള്ള ഒരു റൊമാന്റിക് സീനുണ്ട്. ആ സീൻ ആദ്യമായി കണ്ട് കഴിഞ്ഞപ്പോൾ തന്നെ ഇപ്പോൾ എടുക്കാമെന്ന ഒരു ഫീലായിരുന്നു എനിക്ക്. അതിൽ എനിക്ക് ചില തമാശയൊക്കെ പറയാനുള്ള സ്പേസ് ഉണ്ടായിരുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത ഒരു പരിപാടി ആ റൊമാന്റിക് സീനിൽ കാണാം. അങ്ങനെ ചില സീനുകളുണ്ട് ഈ പടത്തിൽ,’ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy About Pushpa 2 And Allu arjun