കഴിഞ്ഞ പത്ത് വർഷത്തിൽ മലയാളത്തിൽ ഇറങ്ങിയ മികച്ച സിനിമ, സൗബിൻ പറയുന്ന ആ ഡയലോഗ് പണ്ട് പറയാനേ പറ്റില്ല: ജിസ് ജോയ്
Entertainment
കഴിഞ്ഞ പത്ത് വർഷത്തിൽ മലയാളത്തിൽ ഇറങ്ങിയ മികച്ച സിനിമ, സൗബിൻ പറയുന്ന ആ ഡയലോഗ് പണ്ട് പറയാനേ പറ്റില്ല: ജിസ് ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th December 2024, 5:45 pm

സൺ‌ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ സിനിമകളിലൂടെ ഫീൽഗുഡ് സിനിമയുടെ സംവിധായകൻ എന്ന ലേബലിൽ അറിയപ്പെട്ടിരുന്ന സംവിധായകനാണ് ജിസ് ജോയ്.

എന്നാൽ അവസാനമിറങ്ങിയ തലവൻ എന്ന സിനിമയിലൂടെ ത്രില്ലറും തനിക്ക് സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നായി മാറാൻ തലവന് സാധിച്ചു.

കഴിഞ്ഞ പത്ത് വർഷത്തിൽ മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. അത്തരത്തിൽ ഇഷ്ടമായ സിനിമ കുമ്പളങ്ങി നൈറ്റ്സ് ആണെന്നും ചിത്രത്തിൽ സൗബിനും ഷെയിൻ നിഗവും അമ്മയെ കുറിച്ച് പറയുന്ന ഒരു ഡയലോഗ് മുമ്പ് മലയാള സിനിമയിൽ പറയാൻ പറ്റില്ലായിരുന്നുവെന്നും ജിസ് ജോയ് പറയുന്നു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ പത്ത് വർഷത്തിൽ മലയാളത്തിൽ ഇറങ്ങിയതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ കുമ്പളങ്ങി നൈറ്റ്സാണ്. അതിൽ അവർ മൂന്ന് പേരും കൂടെ അമ്മയെ വിളിക്കാൻ പോകുന്ന ഒരു സീനുണ്ട്. അമ്മയെ വിളിച്ച് തിരിച്ച് വീട്ടിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പക്ഷെ ‘അമ്മ വരില്ല. അങ്ങനെ ആ മൂന്ന് സഹോദരന്മാരും കൂടെ തിരിച്ച് വരും.

 

എന്നിട്ട് അവർ മൂന്ന്പേരും കൂടെ അത് ചർച്ച ചെയ്യുന്നത് ബാറിൽ വെച്ചാണ്. ഷെയിൻ പറയുന്ന ഒരു കാര്യത്തിന് തിരിച്ച് സൗബിൻ പറയുന്ന ഒരു മറുപടിയുണ്ട്, ‘ഡാ അങ്ങനെയൊന്നും പറയല്ലേടാ, നിന്നെക്കൊണ്ടൊക്കെ ഒരുപാട് ഓടിയിട്ടുള്ളതാണ് ആ സ്ത്രീ. ഞാൻ കണ്ടിട്ടുള്ളതാണ്. അങ്ങനെയൊന്നും പറയാൻ പാടില്ല. നീ ശ്രദ്ധിച്ചോ ആ സ്ത്രീ അടുത്തുകൂടെ പോയപ്പോൾ ഒരു അമൃതാഞ്ജത്തിന്റെ മണമാണെടാ’.

ഈ ഡയലോഗ് നമുക്ക് പണ്ടത്തെ സിനിമയിൽ പറയാൻ പറ്റില്ല. പണ്ട് ഈ ഡയലോഗ് പറയുകയാണെങ്കിൽ വേറൊരു ട്യൂൺ ആയിരിക്കും. അവിടെ നിന്നൊക്കെ സിനിമ മാറിയ ഒരു മാറ്റമാണ് ഞാൻ പറയുന്നത്. എന്തൊരു മാറ്റമാണ് മലയാള സിനിമയ്ക്ക്,’ജിസ് ജോയ് പറയുന്നു.

 

കുമ്പളങ്ങി നൈറ്റ്സ്

മധു സി. നാരായണന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍, ഷെയിന്‍ നിഗം, ഗ്രേസ് ആന്റണി, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്. മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് കുമ്പളങ്ങി നൈറ്റ്സിനെ വിലയിരുത്തപ്പെടുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

Content Highlight: Jis Joy About Kumbalangi Nights Movie