സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയിയുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ കഴിഞ്ഞ വര്‍ഷത്തെ വിജയ ചിത്രങ്ങളിലൊന്നാണ്.
നിരവധി പരസ്യ ചിത്രങ്ങളും ജിസ് ജോയ് ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാലിനെ വെച്ച് ചെയ്ത പരസ്യചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജിസ് ജോയ്.
പരസ്യത്തിന്റെ ആവശ്യത്തിനായി ഒരു പൂക്കളം സെറ്റ് ചെയ്തിരുന്നുവെന്നും കുറച്ച് സ്ത്രീകൾ പൂക്കളമിടുമ്പോൾ മോഹൻലാൽ നടന്ന് വന്ന് ഞാനും കൂടാം എന്നുപറയുന്നതാണ് അതിൽ ഉള്ളതെന്നും ജിസ് ജോയ് പറയുന്നു. എന്നാൽ ഷോട്ടിനിടയിൽ മോഹൻലാൽ തന്നെ അടുത്തേക്ക് വിളിച്ചിട്ട്, അതിലൊരു സ്ത്രീയുടെ കയ്യിലുള്ള പൂവ് പൂക്കളത്തിൽ ഇല്ലല്ലോയെന്ന് ചോദിച്ചെന്നും പിന്നീട് അത് കുഴപ്പമില്ലെന്ന് പറഞ്ഞെന്നും ജിസ് പറയുന്നു. വലിയ എക്സ്പീരിയനിൽ നിന്നാണ് മോഹൻലാൽ അതെല്ലാം ശ്രദ്ധിച്ച് പറയുന്നതെന്നും ജിസ് ജോയ് കൂട്ടിച്ചേർത്തു.
‘ഒരു വലിയ പൂക്കളമാണ്. അതിന് ചുറ്റും കുറെ സ്ത്രീകളിരുന്ന് പൂവിടുകയാണ്. മോഹൻലാൽ സാറും ഒരു ഫോറിനറും കൂടെ നടന്ന് വരുകയാണ്. പൂക്കളമിടുന്നവരെ നോക്കിയിട്ട് ഞാനും കൂടാം എന്നവരോട് പറയണം. എല്ലാം റെഡിയായി കഴിഞ്ഞ ശേഷം ടേക്കിന് പോകുന്നതിന് മുമ്പ് അദ്ദേഹം എന്നോട്, മോനെ ഒരു മിനിറ്റ് എന്ന് പറഞ്ഞു. ഒന്ന് അടുത്തേക്ക് വരുമോ എന്നദ്ദേഹം ചോദിച്ചു. ഞാൻ അദ്ദേഹത്തിനടുത്തേക്ക് പോയപ്പോൾ ലാലേട്ടൻ ചോദിച്ചു,
ആ സ്ത്രീ പിടിച്ചിരിക്കുന്ന കൂടയിലുള്ള പൂവ് ഈ പൂക്കളത്തിൽ ഇല്ലല്ലോയെന്ന്. എനിക്ക് പെട്ടെന്ന് കാര്യം മനസിലായില്ല. അദ്ദേഹം ഒന്നുകൂടെ ആവർത്തിച്ചു. ആ കൂടയിലുള്ള പൂവ് പൂക്കളത്തിൽ ഇല്ല മോനെയെന്ന്.
ഫസ്റ്റ് ഷോട്ടാണ്. ഞാൻ ഇങ്ങനെ നോക്കുകയാണ്. ഞാൻ നോക്കിയിട്ട് ഇല്ല സാർ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം, മോനെ കുഴപ്പമില്ല, ഞാൻ പറഞ്ഞെന്നേയുള്ളൂ ഇതൊന്നും ആരും ശ്രദ്ധിക്കില്ലെന്ന് പറഞ്ഞു. ക്യാമറയിൽ ഇതൊന്നും അറിയില്ല, എനിക്ക് മനസിലായി അതുകൊണ്ട് ചോദിച്ചതാണെന്ന് ലാലേട്ടൻ പറഞ്ഞു.
ഞാൻ പിന്നീട് മാറി നിന്ന് ആലോചിച്ചു. എന്തൊരു മനുഷ്യനാണ് അദ്ദേഹം. ഒരുപക്ഷെ എക്സ്പിരിയൻസ് കൊണ്ട് ലഭിക്കുന്നതാവും. ആ ആഡ് കണ്ടാൽ നമുക്ക് മനസിലാവും, അത്രയും വലിയ പൂക്കളമാണ്. അതിൽ നിന്ന് എങ്ങനെയാണ് അദ്ദേഹം അത് മനസിലാക്കിയതെന്ന് അത്ഭുതമാണ്,’ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy About Experience With Mohanlal