| Tuesday, 7th January 2025, 8:10 am

അവരുടെ ഇടപെടൽ കാരണം ലോഹിസാറിന് വരെ ക്ലൈമാക്സ് മാറ്റേണ്ടി വന്നുവെന്നറിഞ്ഞപ്പോൾ എനിക്കൊരു ഷോക്കായി: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മൊഴിമാറ്റചിത്രങ്ങളിലൂടെയാണ് ജിസ് ജോയിയുടെ ശബ്ദം മലയാളികള്‍ക്ക് സുപരിചിതമായത്. ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ കഴിഞ്ഞ വര്‍ഷത്തെ വിജയ ചിത്രങ്ങളിലൊന്നാണ്.

സംവിധായകൻ ലോഹിതദാസിനെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. ലോഹിതദാസിന്റെ ഒരു സിനിമ പ്രതീക്ഷിച്ച പോലെ സ്വീകരിക്കപ്പെട്ടില്ലെന്നും അന്നദ്ദേഹം തന്നെ വിളിച്ച് കരഞ്ഞെന്നും ജിസ് ജോയ് പറയുന്നു. ആ സിനിമയുടെ പരാജയം അദ്ദേഹത്തെ നന്നായി ബാധിച്ചിരുന്നുവെന്നും ഒരുപാടുപേർ കാരണം അദ്ദേഹം ആഗ്രഹിച്ച പോലൊരു ക്ലൈമാക്സ് ആ സിനിമയ്ക്ക് ചെയ്യാൻ സാധിച്ചില്ലെന്നും ജിസ് കൂട്ടിച്ചേർത്തു.

‘അദ്ദേഹത്തിന്റെ ഒരു സിനിമ ഇറങ്ങിയ ദിവസമായിരുന്നു അന്ന്. എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ ആ സിനിമ വന്നില്ലായിരുന്നു. രാത്രി പത്തരയായപ്പോൾ ലോഹിതദാസ് സാറിന്റെ കോൾ വരുകയാണ്. ഫോൺ എടുത്തപ്പോൾ അദ്ദേഹം എന്നോട് ഉറങ്ങിയോ എന്ന് ചോദിച്ചു. സിനിമ കണ്ടോ എന്നദ്ദേഹം വീണ്ടും ചോദിച്ചു.

ഞാൻ കണ്ടു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം, പിന്നെന്താ വിളിക്കാഞ്ഞത്, ഇഷ്ടയില്ലാല്ലേ എന്ന് ചോദിച്ചു. എനിക്കതിന് മറുപടി പറയാൻ കഴിയാതെ എന്തൊക്കെയോ പറഞ്ഞ് ഉരുണ്ടു. എന്റെ മറുപടി കേട്ട് അദ്ദേഹം കൊച്ച് പിള്ളേരെ പോലെ കരഞ്ഞു. ലോഹിതദാസ് എന്ന അത്രയും വലിയ മനുഷ്യനാണ്. മുമ്പൊന്നും അദ്ദേഹം കരഞ്ഞിട്ടില്ല, വിതുമ്പിയിട്ട് പോലുമില്ല.

എന്നാൽ ആ സിനിമയുടെ തകർച്ച അദ്ദേഹത്തെ നന്നായി ബാധിച്ചിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചത്, ഇതിന്റെ ക്ലൈമാക്സ് അല്ലേ പോയത് എന്നായിരുന്നു. ഞാൻ അതെയെന്ന് പറഞ്ഞപ്പോൾ, ശരിക്കും ഞാനെഴുതിയ ക്ലൈമാക്സ് തനിക്ക് കേൾക്കണോ എന്നദ്ദേഹം ചോദിച്ചത്. അദ്ദേഹം യഥാർത്ഥ ക്ലൈമാക്സ് എന്താണെന്ന് എനിക്ക് പറഞ്ഞുതന്നു.

അതൊരു ഉഗ്രൻ ക്ലൈമാക്സ് ആയിരുന്നു.

എന്തിനാണ് സാർ അത് മാറ്റിയതെന്ന് ഞാൻ ചോദിച്ചു. ഇടപെടലുകൾ അങ്ങനെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു, എല്ലാ സൈഡിൽ നിന്നും എനിക്ക് വലിയ പ്രഷർ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലൈമാക്സ് വീണ്ടും ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞിട്ടും അവർക്ക് അത് മതിയായിരുന്നു, ലോഹി സാർ പറഞ്ഞു.

മലയാളത്തിൽ വ്യത്യസ്തങ്ങളായ ഒരുപാട് സിനിമകൾ എഴുതിയ ലോഹിതദാസിനെ പോലൊരാൾക്ക് പോലും മറ്റുള്ളവരുടെ ഇടപെടലുകൾ കാരണം ക്ലൈമാക്സ് പോലെ പ്രധാനപ്പെട്ട സംഭവങ്ങൾ മാറ്റേണ്ടി വരുന്നു എന്നറിഞ്ഞപ്പോൾ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്കും വല്ലാത്ത ഷോക്കായിരുന്നു,’ജിസ് ജോയ് പറയുന്നു.

Content Highlight: Jis Joy About Director Lohithadas

We use cookies to give you the best possible experience. Learn more