മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ടാണ് ആസിഫ് അലി- ജിസ് ജോയ് കോമ്പോ. ഒരുമിച്ച നാല് സിനിമകളും പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമാണ് നല്‍കിയത്. ഏറ്റവും പുതിയ ചിത്രമായ തലവനും ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.
ആദ്യ സിനിമയായ ബൈസിക്കിള്‍ തീവ്‌സിലേക്ക് ആസിഫ് അലി എത്തിയ അനുഭവം ജിസ് ജോയ് പങ്കുവെച്ചു. താന്‍ ഏറ്റവുമധികം സമയമെടുത്ത് എഴുതിയ കഥയാണ് ബൈസിക്കിള്‍ തീവ്‌സിന്റേതെന്നും ജിസ് ജോയ് പറഞ്ഞു.
സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ആ സമയത്ത് ഒരുപാട് യുവനടന്മാരുടെയടുത്ത് താന്‍ കഥ പറഞ്ഞെന്നും എന്നാല്‍ ആരും ആ സിനിമ ചെയ്യാന്‍ തയാറായില്ലെന്നും ജിസ് ജോയ് പറഞ്ഞു.
ആന്റോ ജോസഫ് വഴിയാണ് താന്‍ ആസിഫിന്റെയടുത്ത് എത്തിയതെന്നും ആസിഫ് ഈ കഥ കേട്ടതുപോലെ വേറൊരു നടനും ബൈസിക്കിള്‍ തീവ്‌സിന്റെ കഥ കേട്ടിട്ടില്ലെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്ത് എഴുതിയ കഥയാണ് ബൈസിക്കിള്‍ തീവ്‌സിന്റെത്. ആ സ്‌ക്രിപ്റ്റും കൊണ്ട് ഒരുപാട് അലഞ്ഞിട്ടുണ്ട്. ആ സമയത്ത് ഉണ്ടായിരുന്ന ഒരുവിധം എല്ലാ യങ്‌സ്റ്റേഴ്‌സിനോടും ഞാന്‍ കഥ പറഞ്ഞിട്ടുണ്ട്. പക്ഷേ ആര്‍ക്കും കഥ ഓക്കെയായില്ല.
അങ്ങനെയിരിക്കുമ്പോഴാണ് പ്രൊഡ്യൂസര്‍ ആന്റോ ജോസഫ് ആസിഫുമായി ഒരു മീറ്റിങ് അറേഞ്ച് ചെയ്തുതരുന്നത്. ‘ആസിഫിനോടും കൂടെ കഥ പറഞ്ഞുനോക്ക്’ എന്ന് പറഞ്ഞാണ് ആന്റോ ചേട്ടന്‍ എന്നെ ആസിഫിന്റെടുത്തേക്ക് പറഞ്ഞുവിട്ടത്.
ആസിഫ് ആ കഥ കേട്ടതുപോലെ വേറെ ഒരു നടനും കേട്ടിട്ടില്ല. അത്രക്ക് ശ്രദ്ധയോടെയാണ് കഥ കേട്ടത്. അതിന്റെ ഫ്‌ളോ പോകാതിരിക്കാന്‍ വേണ്ടി ഫോണെല്ലാം ഓഫ് ചെയ്തുവെച്ചാണ് അന്ന് ആസിഫ് ബൈസിക്കിള്‍ തീവ്‌സിന്റെ കഥ കേട്ടത്. വേറൊരു നടനിലും ആ ക്വാളിറ്റി ഞാന്‍ കണ്ടിട്ടില്ല. അന്ന് തുടങ്ങിയ ബന്ധം ഇന്നും തുടര്‍ന്നു പോവുകയാണ്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy about Bicycle Thieves movie and Asif Ali