ഇംഗ്ലീഷ് പ്രീമിയർ ലീഗിലും അംബാനി; മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പുവെച്ചു
Fooball news
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും അംബാനി; മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പുവെച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th January 2023, 9:43 am

ഇന്ത്യൻ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കും തങ്ങളുടെ വ്യവസായ സാധ്യതകളെ വളർത്തുകയാണ്.
പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുമായി ജിയോ റീജിയണൽ പാർട്ണർഷിപ്പിൽ ഒപ്പ് വെച്ചിട്ടുണ്ട്. രാജ്യത്തെ ക്ലബ്ബിന്റെ ഔദ്യോഗിക മൊബൈൽ പാർട്നർ ആകാനുള്ള കരാറാണ് ജിയോ ഒപ്പുവെച്ചത്. ജനുവരി അഞ്ചിനാണ് ക്ലബ്ബുമായി ജിയോ കരാർ ഉറപ്പിച്ചത് എന്ന റിപ്പോർട്ടുകളാണ് മിന്റ് പുറത്ത് വിടുന്നത്.

ഇതോടെ റിലയൻസ് ജിയോയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമിലൂടെയും മറ്റും സിറ്റിയുടെ വാർത്തകൾ തുടർച്ചയായി ആരാധകരിലേക്ക് എത്തിച്ചേരും എന്നാണ് റിപ്പോർട്ടുകൾ.

ജിയോ ടിവി, മൈ ജിയോ, ജിയോ എസ്.ടി.ബി എന്നീ മാർഗങ്ങളിലൂടെയാകും ജിയോ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിക്കുക എന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യു.വെ.ഫ ചാമ്പ്യൻസ് ലീഗ് ഒഴിച്ചുള്ള സിറ്റിയുടെ പുരുഷ-സ്ത്രീ ഫുട്ബോൾ ടീം മത്സരങ്ങളെല്ലാം ജിയോ പ്ലാറ്റ്ഫോമുകളിലൂടെ ഇനി മുതൽ ഇന്ത്യൻ ആരാധകർക്ക് ആസ്വദിക്കാൻ സാധിക്കും.

സിറ്റിയുടെ ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ്ഫോമായ ‘CITY’ ജിയോ ടിവിയുമായി സംയോജിപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതിനാൽ തന്നെ സിറ്റിയുടെ മത്സരങ്ങളുടെ ഹൈ ലൈറ്റ്സ്, വുമൺ ടീമിന്റെ മത്സരങ്ങൾ, സ്ക്വാഡ് ഫിക്സ്ച്ചർ, സിറ്റിയുടെ ഡോക്യുമെന്ററികൾ മുതലായവയൊക്കെ ഇനി മുതൽ ജിയോ ടീവിയിൽ ലഭ്യമാകും.

ഇന്ത്യയിലെ ഫുട്ബോൾ വിപണി പിടിച്ചെടുക്കാൻ ജിയോ റിലയൻസ് നടത്തുന്ന ശ്രമങ്ങൾക്ക് തുടർച്ചയാണ് സിറ്റിയുമായുള്ള കരാർ എന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

കൂടാതെ നിലവിൽ പ്രീമിയർലീഗ്, ബുന്ദാസ് ലിഗ ഒഴികെയുള്ള പ്രമുഖ ലീഗ് മത്സരങ്ങളെല്ലാം സ്പോർട്സ് 18 ആണ് നിലവിൽ ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്നത്. സ്പോർട്സ് 18 റിലയൻസിന്റെ ചാനലാണ്.

അതേസമയം ലോകത്തിൽ ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന ആരാധക കൂട്ടമാണ് മാഞ്ചസ്റ്റർ സിറ്റിയുടേത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

Content  Highlights:jio Signed with Manchester City for official mobile partner