റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമയ ജിയോ 1.34 ശതമാനം ഓഹരി ന്യൂയോര്‍ക്കിലെ സ്വകാര്യ കമ്പനിക്ക് വിറ്റു. 6598.38 കോടിക്കാണ് ജിയോ ഓഹരി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക്കിന് വിറ്റത്. കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ ജിയോ നടത്തുന്ന സമാനമായ നാലാമത്തെ ഓഹരി വില്‍പനയാണിത്.
ജനറല്‍ അറ്റ്‌ലാന്റിക്, ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക് പാര്‍ട്‌ണേഴ്‌സ്, വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ പ്രമുഖ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ ജിയോ 67,194.75 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്.
ആഗോള സാങ്കേതിക ഭീമന്മാരുടെയും സംരംഭകരുടെയും ദീര്‍ഘകാല പിന്തുണയുള്ള കമ്പനിയാണ് ജിയോ എന്നും ജിയോയില്‍ നിക്ഷേപം നടത്തുന്നതില്‍ ആവേശഭരിതരാണ് എന്നുമാണ് ജനറല്‍ അറ്റ്‌ലാന്റിക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബില്‍ ഫോര്‍ഡ് പറഞ്ഞത്.
വിവിധ മേഖലകളില്‍ 40 വര്‍ഷത്തോളമായി നിക്ഷേപം നടത്തുന്ന സ്ഥാപനമാണ് ജനറല്‍ അറ്റ്‌ലാന്റിക്. അലിബാബ, ബോക്‌സ്, ബി.എന്‍.ബി, ഫേസ്ബുക്ക്, സ്ലാക്ക്, സ്‌നാപ്ചാറ്റ്, ഊബര്‍ തുടങ്ങിയ ആഗോളതലത്തില്‍ വന്‍ നേട്ടം കൊയ്യുന്ന കമ്പനികളിലടക്കം അറ്റ്‌ലാന്റികിന് നിക്ഷേപമുണ്ട്.