ന്യൂദല്‍ഹി: വോഡാഫോണ്‍ ഐഡിയ (വി.ഐ)ക്ക് പിന്നാലെ പ്രീപെയ്ഡ് താരിഫ് വര്‍ധിപ്പിക്കാനൊരുങ്ങി ജിയോ. 2021 ഡിസംബര്‍ 1 മുതലാവും താരിഫ് വര്‍ധിപ്പിക്കുക എന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള താരിഫിന്റെ 20 ശതമാനത്തോളം വര്‍ധിപ്പിക്കാനാണ് ടെലികോം കമ്പനി ഉദ്ദേശിക്കുന്നത്.
പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടുകൂടി 75 രൂപയുടെ പ്ലാനിന് 91 രൂപയാവും. 20 ശതമാനത്തിലധികം വര്‍ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.
129 രൂപയുടെ പ്ലാനിന്റെ താരിഫ് 155 രൂപയായി ഉയരും, 399 രൂപയുടെ പ്ലാനിന് 479ഉം 1,299ന്റെ പ്ലാനിന് 1,599 രൂപയുമാവും പുതുക്കിയ നിരക്ക്.
ഡാറ്റ സേവനങ്ങളുടെ നിരക്കും ഉയര്‍ത്താന്‍ ജിയോ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം 6 ജി.ബിയുടെ ഡാറ്റാ പ്ലാനിന് ഇനി മുതല്‍ 61 രൂപയാവും, മുന്‍പ് 51 രൂപയായിരുന്നു ഈ പ്ലാനിന്റെ നിരക്ക്. 12 ജി.ബിക്ക് 121 രൂപയും 50 ജി.ബി ഡാറ്റയ്ക്ക് 301 രൂപയുമായി ഉയരും. മുന്‍പ് യഥാക്രമം 101 രൂപയും 251 രൂപയുമായിരുന്നു പഴയ നിരക്ക്.
ജിയോയുടെ ഒരു വര്‍ഷത്തെ അണ്‍ലിമറ്റഡ് പ്ലാന്‍ 2,399ല്‍ നിന്നും 2,879ലേക്കാണ് ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
‘ഓരോ ഇന്ത്യക്കാരന്റെയും ഡിജിറ്റല്‍ ജീവിതവും സുസ്ഥിരമായ ടെലികോം സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജിയോ ഇന്ന് പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ പ്രഖ്യാപിച്ചു,’ ജിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.