ന്യൂദല്‍ഹി: ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ജിയോ ഹോട്ട്സ്റ്റാര്‍. 1,100 ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം.
വയാകോം 18നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ഒന്നായതോടെയാണ് അധിക ജീവനക്കാരെ പിരിച്ചുവിടുന്നത്. ഡിസ്ട്രിബ്യൂഷന്‍, ഫിനാന്‍സ്, കൊമേര്‍ഷ്യല്‍, നിയമ ടീമുകളില്‍ നിന്നാണ് കൂടുതലായും ജീവനക്കാരെ പിരിച്ചുവിടുക.
സ്ഥാപനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ചെലവുകള്‍ കുറയ്ക്കുന്നതിനും, സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിങ്, ഓണ്‍ലൈന്‍ സ്ട്രീമിങ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് പുനഃസംഘടന.
പിരിച്ചുവിടല്‍ 2025 ജൂണ്‍ വരെ നീണ്ടുപോയേക്കാമെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. എന്‍ട്രി ലെവല്‍ ജീവനക്കാര്‍ മുതല്‍ സീനിയര്‍ മാനേജര്‍മാരും ഡയറക്ടര്‍മാരും വരെ ജോലി നഷ്ടപ്പെടുമെന്നാണ് വിവരം.
പിരിച്ചുവിടലിന് മുന്നോടിയായി കമ്പനി ജീവനക്കാരുമായി കരാറില്‍ ഏര്‍പ്പെടാനും തീരുമാനിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം, ഒന്ന് മുതല്‍ മൂന്ന് മാസം വരെ ജീവനക്കാര്‍ക്ക് നോട്ടീസ് കാലയളവ് ലഭിക്കും. പിരിച്ചുവിടല്‍ ബാധിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥാപനത്തില്‍ ജോലിയെടുത്ത ഓരോ വര്‍ഷത്തിനും ഒരു മാസത്തെ ശമ്പളം മുഴുവനായും കമ്പനി നല്‍കും.
കൂടാതെ ഐ.ടി, ഡിജിറ്റല്‍ മേഖലയില്‍ പ്രാവീണ്യമുള്ളവരെ കമ്പനി റിക്രൂട്ട് ചെയ്യാനും സാധ്യതയുണ്ട്. സ്‌പോര്‍ട്‌സ് ഓഡറുകള്‍ വിപുലീകരിക്കാനും ജിയോസ്റ്റാര്‍ പദ്ധതിയിടുന്നുണ്ട്. ചാമ്പ്യന്‍സ് ട്രോഫി, വനിതാ പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ഇവന്റുകള്‍ പൂര്‍ണമായും കവര്‍ ചെയ്യാനുള്ള നടപടികള്‍ക്കും കമ്പനി തുടക്കമിട്ടു.
2024 നവംബറിലാണ് വയാകോം 18നും ഡിസ്നി സ്റ്റാര്‍ ഇന്ത്യയും സംയുക്തമായി ജിയോസ്റ്റാര്‍ രൂപീകരിച്ചത്.
നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ മീഡിയ കമ്പനിയാണ് ജിയോസ്റ്റാര്‍. കളേഴ്സ്, സ്റ്റാര്‍ പ്ലസ്, സ്റ്റാര്‍ ഗോള്‍ഡ്, സ്റ്റാര്‍ സ്പോര്‍ട്സ് എന്നിവയെ ലയിപ്പിച്ചാണ് ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് നടത്തുന്നത്.
Content Highlight: Jio Hotstar to lay off over 1,000 employees