മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. അതേസമയം നിരവധി വിമര്‍ശനങ്ങളും സിനിമയ്ക്കെതിരെ ഉയര്‍ന്നിരുന്നു. എങ്കിലും അടുക്കള പ്രമേയമായി എടുത്ത ചിത്രം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു.
സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പെരുമാറുന്നതിന് സമാനമായി താനും ഒരു കാലത്ത് പെരുമാറിയിരുന്നുവെന്ന് തുറന്നുപറയുകയാണ് സംവിധായകന്‍ ജിയോ ബേബി. ഒരു പരിധി വരെ പഴയ ഞാന്‍ തന്നെയാണ് സുരാജിന്റെ കഥാപാത്രമെന്ന് ജിയോ ബേബി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഒരിക്കല്‍ താന്‍ ചെയ്ത തെറ്റിനെ മറച്ചുപിടിച്ചുകൊണ്ട് ഭാര്യയെക്കൊണ്ട് സോറി പറയിച്ചിട്ടുണ്ടെന്നും ജിയോ ബേബി പറയുന്നു.
‘ഒരുപരിധിവരെ പഴയ ഞാന്‍ തന്നെയാണ് സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂട് ചെയ്ത ഭര്‍ത്താവിന്റെ കഥാപാത്രം. ചെയ്ത തെറ്റിനെ മറച്ചുപിടിച്ചുകൊണ്ട് എന്റെ ഭാര്യയെ കൊണ്ട് ഞാന്‍ സോറി പറയിപ്പിച്ചിട്ടുണ്ട്. എന്നിലെ പുരുഷ മേധാവിത്വം കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണ് ഞാന്‍. അതില്‍ നിന്നും തിരിച്ചറിവുകളുണ്ടായി മാറ്റങ്ങള്‍ സംഭവിച്ചപ്പോഴാണ് അതെന്തൊരു മോശം കാലമായിരുന്നു എന്ന് മനസിലാകുന്നത്’, ജിയോ പറഞ്ഞു.
ചെറുപ്പം മുതല്‍ തന്നെ വീട്ടിലെ ജോലികള്‍ ചെയ്ത് ശീലിച്ചയാളാണ് താനെന്നും പാത്രം കഴുകലും ബാത്‌റൂം വൃത്തിയാക്കലും തന്റെ സ്ഥിരം ജോലികളായിരുന്നുവെന്നും ജിയോ പറയുന്നു. ബാത്‌റൂം ഞാന്‍ കഴുകിയാലേ വൃത്തിയാകൂ എന്നൊരു വിശ്വാസം അമ്മക്കുണ്ടായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.
അതിഥികള്‍ വരുമ്പോഴാണ് കുഴയുന്നത്. കഴിച്ച പാത്രങ്ങളും ഭക്ഷണമുണ്ടാക്കിയ പാത്രങ്ങളും എല്ലാം കൂടി ഒരു കുന്ന് കാണും. അവ മുഴുവനും ഞാന്‍ തന്നെയാണ് കഴുകി വയ്ക്കാറ്. അന്നേരം അതിഥികള്‍ മക്കളോട് പറയും ‘കണ്ടോ അവനെ കണ്ടു പഠിക്ക് എന്ന്’, അന്ന് അതൊക്കെ കേള്‍ക്കുന്നത് ഭയങ്കര അഭിമാനമാണ്. പാത്രങ്ങള്‍ കുറച്ചു കൂടി വൃത്തിയിലും ഭംഗിയിലും കഴുകി വയ്ക്കാന്‍ ഇത്തരം പ്രശംസകള്‍ സഹായിച്ചിട്ടുണ്ട്. ജിയോ പറഞ്ഞു.
ഒരു തവണ കൂടി ഈ ചിത്രം എടുക്കാന്‍ ഒരു അവസരം ലഭിച്ചിരുന്നെങ്കില്‍ നിമിഷ സജയന്‍ ചെയ്ത കഥാപാത്രത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ മാറ്റം കൊണ്ടുവരാന്‍ താന്‍ തയ്യാറാകുമായിരുന്നെന്നും ജിയോ ബേബി പറഞ്ഞു.
‘ ധൈര്യത്തോടെ ഇറങ്ങിപ്പോകാന്‍ പറ്റുന്ന അന്തരീക്ഷമുള്ളയാളാണ് എന്റെ ചിത്രത്തിലെ നായിക. പണവും എവിടെ ചെന്നാലും ജോലി ലഭിക്കാനും തക്കതായ കഴിവുമുണ്ട്. ഇതുരണ്ടുമില്ലാത്ത ഒരു പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ എന്തുചെയ്യുമെന്ന് ഓര്‍ത്തു നോക്കൂ. അങ്ങനെയുള്ളവര്‍ ഇപ്പോഴും ഏതോ അടുക്കളയില്‍ കിടന്ന് കിച്ചണ്‍ സിങ്കിലെ വേസ്റ്റ് വെള്ളം കോരുന്നുണ്ടാകും’, ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക