| Wednesday, 22nd November 2023, 6:49 pm

'ഈ സ്ഥലം ഞാൻ 10 കിലോമീറ്ററിനുള്ളിൽ കാണിച്ചു തരാം, എന്തിനാ ഇവിടെ ലൊക്കേഷൻ കണ്ടേ'; മമ്മൂക്ക എന്നോട് ചോദിച്ചു: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുമൊത്തുള്ള ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി. താൻ ഒരു ടെൻഷനുമില്ലാതെ സിനിമ എടുക്കുന്ന ഒരാളാണെന്നും എന്നാൽ കാതൽ ദി കോർ സിനിമയിൽ മമ്മൂട്ടിയും ജ്യോതികയും വന്നപ്പോൾ ടെൻഷൻ ഉണ്ടായിരുന്നെന്നും ജിയോ ബേബി പറയുന്നുണ്ട്. ഒരു റബ്ബർ തോട്ടത്തിലായിരുന്നു ഷൂട്ട് ചെയ്തതെന്നും അത് എറണാകുളത്ത് നിന്നും 25 കിലോമീറ്റർ ഉള്ളിലായിരുന്നെന്നും ജിയോ പറഞ്ഞു.

എന്നാൽ ആ സ്ഥലം കണ്ടപ്പോൾ ഇങ്ങനെയൊരു സ്ഥലം എറണാകുളത്ത് പത്ത് കിലോമീറ്ററിനുള്ളിൽ മമ്മൂക്ക കാണിച്ചു തരുമെന്നും എന്തിനാ ഇവിടെ ലൊക്കേഷൻ കണ്ടതെന്നും അദ്ദേഹം ചോദിച്ചെന്നും ജിയോ ബേബി പറഞ്ഞു. എന്നാൽ മമ്മൂട്ടി ഷൂട്ട് തുടങ്ങിയപ്പോൾ ലൊക്കേഷൻ കൊള്ളാമെന്ന് പറഞ്ഞെന്നും അത് കേട്ടപ്പോഴാണ് സമാധാനമായതെന്നും ജിയോ ബേബി പറയുന്നുണ്ട്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനൊരു ടെൻഷനും ഇല്ലാതെ സിനിമ എടുത്തു കൊണ്ടിരിക്കുന്ന ആളാണ്. മമ്മൂക്കയും ജ്യോതികയും വരുന്നതൊക്കെ തലേ ദിവസം നമുക്കൊരു ടെൻഷനാണ്. ആദ്യ ദിവസം ഒരു റബ്ബർ തോട്ടം ഉള്ള സ്ഥലമാണ് നമുക്ക് ഷൂട്ടിന് വേണ്ടത്. സ്ഥലം എറണാകുളത്തുനിന്ന് 25 കിലോമീറ്റർ ഉള്ളിലാണ്.

‘ഈ സ്ഥലം ഞാൻ 10 കിലോമീറ്ററിനുള്ളിൽ എറണാകുളത്ത് കാണിച്ചു തരാം. ബേബി എന്തിനാ ഇവിടെ ലൊക്കേഷൻ കണ്ടേ’ എന്ന് മമ്മൂക്ക ചോദിച്ചു. ഞാൻ വിചാരിച്ചു തീർന്നു എന്ന്. അതിന് ശേഷം കാരവനിൽ നിന്ന് ഇറങ്ങി വന്ന് ഷൂട്ട് ചെയ്തു. ഞാൻ ഒന്നും മിണ്ടിയില്ല. സ്ഥലവും ലൊക്കേഷനുമെല്ലാം കൊള്ളാം എന്ന് കേട്ടപ്പോൾ എനിക്ക് സമാധാനമായി. അന്ന് തുടങ്ങിയ സമാധാനം സിനിമ തീരുന്നതുവരെ ഉണ്ടായിരുന്നു,’ ജിയോ ബേബി പറഞ്ഞു.

മമ്മൂട്ടി ലൊക്കേഷനിൽ വെച്ച് എല്ലാവരെയും പരിഗണിക്കുമെന്നും താനൊക്കെ ഭക്ഷണം കഴിച്ചോ എന്ന് അനേഷിക്കുമെന്നും ജിയോ ബേബി അഭിമുഖത്തിൽ പറയുന്നുണ്ട്. മമ്മൂട്ടിക്ക് അങ്ങനെ പരിഗണിക്കേണ്ട കാര്യമില്ലെന്നും അതെല്ലാം അദ്ദേഹത്തിന്റെ കെയറിങ് ആണെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തും. ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Content Highlight: Jeo Baby on Mammootty’s suggestions

We use cookies to give you the best possible experience. Learn more