| Friday, 24th December 2021, 3:44 pm

എനിക്കിതില്‍ കള്ളത്തരം കാണിക്കാന്‍ അറിയില്ലെടാ...ആ വാക്കുകള്‍ എനിക്കിന്നും പ്രചോദനമാണ്; ടിനു പാപ്പച്ചനെ കുറിച്ച് ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രി’ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘അജഗജാന്തരം’ കഴിഞ്ഞ ദിവസമാണ് തിയേറ്റുകളില്‍ റിലീസ് ചെയ്തത്. ആന്റണി വര്‍ഗീസ് പെപ്പെ നായകനായ ചിത്രം ഒരു പൂരപ്പറമ്പില്‍ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് കാണിക്കുന്നത്.

2018 ല്‍ ടിനു ആദ്യമായി സംവിധാനം ചെയ്ത് സ്വതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ മേക്കിങ്ങിലും പ്രമേയത്തിലും മികച്ച ചിത്രമായാണ് വിലയിരുത്തപ്പെട്ടത്. അതിനാല്‍ തന്നെ അജഗജാന്തരവും ഏറെ പ്രതീക്ഷയോടെ തന്നെയാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി. സിനിമയില്‍ കള്ളത്തരം കാണിക്കാത്ത ടിനുച്ചേട്ടന്റെ രീതി തനിക്ക് പ്രചോദനമാണെന്ന് ജിയോ ബേബി പറയുന്നു.

‘ഒരുമിച്ചു ജോലി ചെയ്യുന്നതിനിടയില്‍ ഒരിക്കല്‍ ഞാന്‍ ടിനു പാപ്പച്ചനോട് ചോദിച്ചു. ചേട്ടാ ഈ എഴുതി വെച്ചേക്കുന്നത് എങ്ങനെ ഒക്കെ എടുത്താലും നന്നാക്കാന്‍ പറ്റില്ലാന്ന് ചേട്ടന് അറിയാന്‍പാടില്ലേ? അറിയാം പക്ഷേ ഇത് സിനിമ അല്ലേടാ എനിക്കിതില്‍ കള്ളത്തരം കാണിക്കാന്‍ അറിയില്ല, ഞാന്‍ ഇത് എന്നെകൊണ്ട് പറ്റുന്ന പോലെ നന്നായി എടുക്കും.

ടിനു ചേട്ടന്‍ പറഞ്ഞ ഈ മറുപടി ഇന്നും സിനിമയില്‍ കള്ളത്തരം കാണിക്കാതിരിക്കാന്‍ എനിക്ക് പ്രചോദനമാണ്. അങ്ങനെ മറുപടി പറഞ്ഞ ടിനു ചേട്ടന്റെ പുതിയ സിനിമ ആണ് അജഗജാന്തരം. എടുത്ത് പൊളിച്ചടുക്കിയിരിക്കുകയാണ്. ശരിക്കും തീയേറ്റര്‍ പൂരപ്പറമ്പ് ആക്കിയിരിക്കുന്നു ടിനു ചേട്ടനും സംഘവും,’ ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

ആന്റണി വര്‍ഗീസിന് പുറമേ അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാന്‍, സാബു മോന്‍, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്.

സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: jio baby about tinu pappchan

We use cookies to give you the best possible experience. Learn more