| Friday, 10th March 2017, 6:56 pm

ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ! പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചതിന് മാസങ്ങള്‍ക്ക് ശേഷം ജിയോയും പേടിഎമ്മും മാപ്പു ചോദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചതിന് ജിയോയും പേടിഎമ്മും ക്ഷമാപണം നടത്തി. മുകേഷ് അംബാനിയുടെ ജിയോയും വിജയ് ശേഖര്‍ ശര്‍മ്മയുടെ പേടിഎമ്മും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ കേന്ദ്രം നേരത്തെ ഇരു കമ്പനികള്‍ക്കും നോട്ടീസ് അയച്ചിരുന്നു.

ചട്ട വിരുദ്ധമായി മോദിയുടെ ചിത്രം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. നോട്ടീസിനു നല്‍കിയ മറുപടിയിലാണ് കമ്പനികള്‍ ക്ഷമാപണം നടത്തിയത്.

ചട്ടം ലംഘിച്ചതിന് കമ്പനികളില്‍ നിന്നും പിഴ ഈടാക്കുമെന്നും ഉപഭോക്തൃകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു മോദിയെ ബ്രാന്റ് അമ്പാസിഡറാക്കി റിലയന്‍സ് ജിയോ പരസ്യം നല്‍കിയത്. മോദിയുടെ ചിത്രമുള്ള പരസ്യം ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, തുടങ്ങിയ പത്രങ്ങളില്‍ ജാക്കറ്റ് പേജായി നല്‍കിയിരുന്നു.

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നമാണ് ജിയോയ്ക്ക് പിന്നിലെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. ജിയോയുടെ വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റും മോദിയ്ക്കായിരുന്നു.

സര്‍ക്കാര്‍ പരസ്യങ്ങളില്‍ മത്രമാണ് പ്രധാനമന്ത്രിയുടെ ചിത്രം നല്‍കാറുണ്ടായിരുന്നത്. ഒരു സ്വകാര്യം കമ്പനിയുടെ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം വരുന്നത് ഇതാദ്യമായിരുന്നു.


Also Read: ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചു; കുടിയേറ്റ വിസ വേണമെന്ന് അധികൃതര്‍


തൊട്ടു പിന്നാലെ നവംബറിലായിരുന്നു പേടിഎമ്മിന്റെ പരസ്യം. നോട്ടു നിരോധിക്കലിനു പിന്നാലെ എത്തിയ പരസ്യം നോട്ട് നിരോധന തീരുമാനത്തെ പരസ്യത്തില്‍ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.

നിയമ വിരുദ്ധായ പരസ്യങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വ്യവസായ ഭീമന്മാരുമായി പ്രധാനമന്ത്രിയ്ക്കുള്ള ബന്ധത്തിന്റെ തെളിവായാണ് പരസ്യങ്ങളെ പ്രതിപക്ഷം വിമര്‍ശിച്ചത്.

We use cookies to give you the best possible experience. Learn more