ടൊവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ടൊവിനോ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. 1980-90 കാലഘട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ കഥയാണെന്നാണ് ട്രെയ്‌ലറില്‍ നിന്ന് ലഭിക്കുന്ന സൂചന. എങ്ങനെയാണ് ഈ കഥയിലേക്ക് എത്തിയതെന്ന് തിരക്കഥാകൃത്ത് വ്യക്തമാക്കി. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ ടോക്കിങ് ഷോയിലാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു.വി. എബ്രഹാം ഇക്കാര്യം പറഞ്ഞത്.
‘കണ്ടു ശീലിച്ച ത്രില്ലര്‍ സിനിമകളില്‍ നിന്ന് കുറച്ച് പ്രത്യേകതകളുള്ള ഒരു പടമാണ്. ഇന്‍വെസ്റ്റിഗേഷന്‍ സിനിമ എന്നതിനെക്കാള്‍ ഒരു പൊലീസ് സ്റ്റോറിയാണ് ഇത്. പിരീഡ് സിനിമയാണ് ഇത്. കുറേക്കാലമായുള്ള എന്റെ ഒരു ആഗ്രഹമാണ് അങ്ങനെ ഒരു സിനിമ ചെയ്യണം എന്ന്. സിനിമയില്‍ വന്ന കാലം മുതലുള്ള ആഗ്രഹമായിരുന്നു അത്. നമ്മള്‍ കണ്ടുവളര്‍ന്ന പഴയകാല ക്ലാസിക്കുകള്‍ പോലൊരു സിനിമയാണ് എന്റെ മനസില്‍. ടെക്‌നോളജിയുടെ വളര്‍ച്ചകളും സഹായങ്ങളും ഇല്ലാത്ത കാലത്ത് കേസന്വേഷണം എങ്ങനെയായിരുന്നു എന്ന് കാണിക്കാനായിരുന്നു എന്റെ പ്ലാന്‍. അതിനു വേണ്ടി പല വിഷയങ്ങളും ആലോചിച്ച് ഇരിക്കുന്ന സമയത്താണ് ട്രിഗര്‍ പോലെ എനിക്കൊരു കോള്‍ വരുന്നത്.
പത്തനംതിട്ട സൈബര്‍ സെല്ലില്‍ നിന്നായിരുന്നു ആ കോള്‍. പത്തനംതിട്ട എസ്.പിക്ക് എന്നെ കാണണം എന്നായിരുന്നു ആവശ്യം. സൈമണ്‍ സാറായിരുന്നു അന്ന് എസ്.പി. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. 2019ലാണ് ഇത് നടക്കുന്നത്. ഞാന്‍ സംവിധാനം ചെയ്ത സിനിമ ആദം ജോണിന്റെ ഷൂട്ടിങ് കട്ടപ്പനയിലെ പട്ടുമലപ്പള്ളിയില്‍ നടക്കുമ്പോള്‍, മിസ്സിങ്ങായ ജസ്‌ന എന്ന പെണ്‍കുട്ടി മുണ്ടക്കയത്ത് നിന്ന് ലൊക്കേഷനിലെത്തി അവിടുന്ന് ഒരാളെ കണ്ട ശേഷമാണ് മിസ്സായത്. ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക് ചെയ്യുന്ന താടിയുള്ള ഒരാളെ കാണാനാണ് ജസ്‌ന വന്നതെന്ന് എസ്.പി പറഞ്ഞു. ഞാന്‍ അപ്പോള്‍ ആലോചിച്ചു, ആരായിരിക്കും ആ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ ആള്‍? ഞാന്‍ എന്നിട്ട് ആ സിനിമയില്‍ എന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത ഡാര്‍വിനെ വിളിച്ച് ചോദിക്കാമെന്ന് പറഞ്ഞു.
ഡാര്‍വിനെ വിളിച്ച് കോണ്‍ഫറന്‍സിലിട്ട് സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം ഓര്‍മ വന്നു. ആദം ജോണ്‍ ഇറങ്ങുന്നത് 2017ല്‍. ജസ്‌നയെ കാണാതാകുന്നത് 2018ലാണ്. ഇത് എസ്.പി. യോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടു. ആ ഒരു പോയിന്റില്‍ നിന്നാണ് ഈ സിനിമയുടെ ചിന്ത ഉണ്ടാവുന്നത്. അതായത്, ഒരു കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളുടെ ബലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എവിടെയൊക്കെ യാത്ര ചെയ്യേണ്ടി വരും. അങ്ങനെയാണ് ഈ സിനിമ ഉണ്ടാവുന്നത്’ ജിനു പറഞ്ഞു.
തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു. വി.എബ്രഹാം, വിക്രം മെഹ്ത, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ടൊവിനോയെക്കൂടാതെ ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ബാബുരാജ്, വിനീത് തട്ടില്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ഫെബ്രുവരി ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും.
Content Highlight: Jinu V Abraham reveals that how he got the idea for Anveshippin Kandethum movie