ഈറ്റ് സിനിമ, തിങ്ക് സിനിമ, സ്ലീപ് സിനിമ എന്നൊക്കെ പറയില്ലേ, അതാണ് പൃഥ്വിരാജ്, സിനിമക്ക് വേണ്ടി മാത്രം ജീവിക്കുന്ന വ്യക്തി: ജിനു വി. എബ്രഹാം
Film News
ഈറ്റ് സിനിമ, തിങ്ക് സിനിമ, സ്ലീപ് സിനിമ എന്നൊക്കെ പറയില്ലേ, അതാണ് പൃഥ്വിരാജ്, സിനിമക്ക് വേണ്ടി മാത്രം ജീവിക്കുന്ന വ്യക്തി: ജിനു വി. എബ്രഹാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th July 2022, 9:01 am

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ കടുവ തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. പൃഥ്വിരാജിന്റെ മുന്‍ചിത്രം ആദം ജോണിന്റെ സംവിധായകനായ ജിനു വി. എബ്രഹാമാണ് കടുവക്കായി തിരക്കഥയൊരുക്കിയത്.

സിനിമക്ക് വേണ്ടി മാത്രം ജീവിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജെന്ന് പറയുകയാണ് ജിനു വി. എബ്രഹാം. ഒരു സമയം ചെയ്യുന്ന സിനിമ മാത്രമായിരിക്കും പൃഥ്വിരാജിന്റെ മനസിലെന്നും പത്ത് വര്‍ഷമായി പൃഥ്വിരാജിനെ തനിക്ക് അറിയാമെന്നും ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ ജിനു പറഞ്ഞു.

‘ആദം ജോണ്‍ കഴിഞ്ഞ് രണ്ടുമൂന്ന് തവണ പൃഥ്വിരാജ് എന്നോട് ചോദിച്ചു വേറെ പരിപാടി ഒന്നുമില്ലേയെന്ന്. ആദം ജോണ്‍ 2017ലാണ് റിലീസ് ചെയ്തത്. 2018ലാണ് ഞാന്‍ അടുത്ത സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നത്. 2018ല്‍ എടുത്ത പ്രോജക്റ്റ് ആണ്. എഴുത്ത് ഒക്കെ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെടുത്തു.

 

ഇടക്ക് പുതിയ പരിപാടികളൊന്നും കാണുന്നില്ലല്ലോയെന്നൊക്കെ എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ എഴുതുന്ന ഫോട്ടോ അയച്ചുകൊടുക്കും. നല്ലതുവെല്ലോം കൊണ്ടുവരണേയെന്ന് പുള്ളി പറയും. അത്തരം ചില കൊടുക്കല്‍ വാങ്ങലുകള്‍ ഞങ്ങള്‍ക്കിടയില്‍ സ്ഥിരം ഉണ്ടാവാറുണ്ട്.

ഈറ്റ് സിനിമ, തിങ്ക് സിനിമ, സ്ലീപ് സിനിമ എന്നൊക്കെ പറയില്ലേ, അതാണ് പൃഥ്വിരാജ്. സിനിമക്ക് വേണ്ടി മാത്രം ജീവിക്കുന്ന വ്യക്തിയാണ്. ഇന്നോ, നാളെയോ കൂടി കടുവയുടെ കാര്യങ്ങളെല്ലാം കഴിയും. മറ്റന്നാളുമുതല്‍ അടുത്ത പടത്തിലേക്ക് കേറും. പിന്നെ അതിനെ പറ്റിയുള്ള സംസാരങ്ങളായി, കാര്യങ്ങളായി. പിന്നെ മനസില്‍ മുഴുവന്‍ അതായിരിക്കും. ആ സിനിമ കഴിയുന്നതുവരെ. കഴിഞ്ഞ പത്ത് വര്‍ഷമായി എനിക്ക് രാജുവുമായി നിരന്തരമായ ബന്ധമുണ്ട്. അതുകൊണ്ട് എനിക്ക് അറിയാം. അങ്ങനെയാണ് പുള്ളി,’ ജിനു പറഞ്ഞു.

പൃഥ്വിരാജിന് സിനിമ എന്നാല്‍ പാഷനാണെന്നും നമുക്കെല്ലാവര്‍ക്കും അത് അങ്ങനെ തന്നെയാണെന്നും എന്നാല്‍ അദ്ദേഹം ഇന്റലിജെന്റാണെന്നുമാണ് ഷാജി കൈലാസ് പറഞ്ഞത്.

Content Highlight: Jinu V Abraham is saying that Prithviraj is a person who lives only for movies