|

ആദ്യമായി പ്രഫഷണലിസം കാണുന്നത് മമ്മൂക്കയിലൂടെ; ബിഗ് ബിയിലെ ആ സീന്‍ ഞാന്‍ ക്യാമറക്ക് പിന്നില്‍ നിന്ന് കണ്ടു: ജിനു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2007ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രമാണ് ബിഗ് ബി. 2005ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ വലിയ താരനിരത്തന്നെ ഒന്നിച്ചിരുന്നു.

മനോജ് കെ. ജയന്‍, ബാല, സുമിത് നവല്‍, മംമ്ത മോഹന്‍ദാസ്, നഫീസ അലി, പശുപതി, ലെന, മണിയന്‍പിള്ള രാജു, ഷെരീവീര്‍ വക്കീല്‍, വിനായകന്‍, ഇന്നസെന്റ്, വിജയരാഘവന്‍ എന്നിവരും ബിഗ് ബിയില്‍ ഒന്നിച്ചിരുന്നു.

ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബിയിലെ വില്ലന്‍ വേഷത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് ജിനു ജോസഫ്. ബീറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും ബിഗ് ബിയെ കുറിച്ചും സംസാരിക്കുകയാണ് ജിനു.

താന്‍ ആദ്യമായി പ്രഫഷണലിസം കാണുന്നത് ബിഗ് ബി സിനിമയില്‍ മമ്മൂട്ടിയിലൂടെയാണെന്ന് പറയുന്ന താരം അന്ന് താന്‍ ക്യാമറയുടെ പിന്നില്‍ നിന്ന് കണ്ട ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു സീനിനെ കുറിച്ചും പറയുന്നു.

‘ബിഗ് ബിയില്‍ മമ്മൂക്ക കാറിന് തീ ഇടുന്ന ഒരു സീന്‍ ചെയ്യുന്നതിന്റെ ഇടക്ക് കാറിന്റെ ഒരു പീസ് ഇക്കയുടെ അടുത്തേക്ക് തെറിച്ചു വന്നിരുന്നു. ഞാന്‍ ഇത്ര പ്രഫഷണലിസം അന്നാണ് ആദ്യമായി കാണുന്നത്.

ഞാന്‍ അന്ന് ക്യാമറയുടെ പിന്നില്‍ നില്‍ക്കുകയായിരുന്നു. മമ്മൂക്കയുടെ അടുത്തേക്ക് ആ പീസ് വന്നതും അദ്ദേഹം ജസ്റ്റ് ഒന്ന് മാറിയിട്ട് ആ സീന്‍ തുടര്‍ന്നു. അതൊരു വല്ലാത്ത സീന്‍ ആയിരുന്നു,’ ജിനു ജോസഫ് പറഞ്ഞു.

Content Highlight: Jinu Joseph Talks About Mammootty And Big B Movie