അര്‍ബന്‍ ലുക്കില്‍ മലയാളികളുടെ ഇടയില്‍ പ്രതിഷ്ഠ നേടിയതിന് ശേഷം ഭീമന്റെ വഴി എന്ന ഒറ്റ സിനിമയിലൂടെ തന്റെ ഇമേജ് മാറ്റിയ നടനാണ് ജിനു ജോസഫ്. ബിഗ് ബിയിലൂടെ അഭിനയരംഗത്തേക്കെത്തിയതിന് ശേഷം ജിനു ചെയ്തിട്ടുള്ളതെല്ലാം അര്‍ബന്‍ ലുക്കുള്ള, മിക്കവാറും നെഗറ്റീവ് ടച്ചുള്ള വില്ലന്‍ കഥാപാത്രങ്ങളായിരുന്നു.
ബിഗ് ബിയിലെ സീരിയല്‍ കില്ലര്‍, അഞ്ചാം പാതിരയിലെ എ.സി.പി, ഇയ്യോബിന്റെ പുസ്തകത്തിലെ ഐവാന്‍, ഇതിനു പുറമേ ഒന്നിലധികം ചിത്രങ്ങളിലെ ഡോക്ടര്‍ വേഷം ഇങ്ങനെ പല കഥാപാത്രങ്ങളെ ജിനുവിലൂടെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്.
എന്നാല്‍ ഭീമന്റെ വഴിയിലെ കൈലി മാത്രമുടുത്ത, വഴിയെ പോകുന്ന പെണ്ണുങ്ങളെ ശല്യം ചെയ്യുന്ന, നാട്ടുകാരോട് വഴക്ക് പിടിക്കുന്ന തനി നാട്ടിന്‍പുറത്തുകാരനായി ജിനു പ്രേക്ഷകരുടെ കൈയ്യടി നേടി.
അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിലേക്കുള്ള ജിനുവിന്റെ എന്‍ട്രി. സുഹൃത്തായ വിനായകന്‍ ബിഗ് ബിയുടെ ഷൂട്ടിംഗിനിടിയില്‍ ജിനുവിനെ സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുകയായിരുന്നു. വിനായകനുമായുള്ള സുഹൃത്ബന്ധവും സിനിമയിലേക്ക് അത് തന്നെ എങ്ങനെ കൊണ്ടെത്തിച്ചു എന്നും പറയുകയാണ് ജിനു.
ക്ലബ് എഫ്. എമ്മിനോടായിരുന്നു ജിനുവിന്റെ പ്രതികരണം.
‘വിനായകനെ ചെറുപ്പത്തിലെ അറിയാം. എറണാകുളത്തെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തെ സ്‌റ്റേഡിയത്തില്‍ ഒന്നിച്ച് കളിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. ബിഗ് ബിയില്‍ വിനായകന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം വിനായകനെ കണ്ടപ്പോള്‍ ഒന്നു കൂടണ്ടേ എന്ന് ചോദിച്ചു. അന്ന ഷൂട്ട് ഉണ്ട്, പിന്നെ ഒരു ദിവസമാട്ടെ എന്ന് പറഞ്ഞു വിനായകന്‍ പോയി. അത് കഴിഞ്ഞ് ഒരു ദിവസം എന്നെ കണ്ടിട്ട് ‘ഒരു പക്കാ സീരിയല്‍ കില്ലര്‍ ലുക്കുണ്ട്’ എന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയതാണ്,’ ജിനു പറഞ്ഞു.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം ഇയ്യോബിന്റെ പുസ്തകത്തിലെ ഐവാനാണെന്നും ജിനു പറഞ്ഞു. അത് വളരെ എന്‍ജോയ് ചെയ്ത്, ഇന്‍വോള്‍വ് ചെയ്ത് അഭിനയിച്ച കഥാപാത്രമാണ്.
ഭീമന്റെ വഴിയിലെ കൊസ്‌തേപ്പിനെ പോലെ ഒരു നാടന്‍ കഥാപാത്രത്തെ താന്‍ കാത്തിരിക്കുകയായിരുന്നു എന്നും ജിനു പറഞ്ഞു. ചെമ്പന്‍ കഥ പറഞ്ഞപ്പോഴേ ചാടി വീണു. കഥ പറയുമ്പോള്‍ തന്നെ മനസില്‍ രംഗങ്ങള്‍ ഇമാജിന്‍ ചെയ്യുന്നുണ്ടായിരുന്നു. താനും കുറച്ചൊക്കെ കൊസ്‌തേപ്പിനെ പോലെയാണെന്നും ജിനു കൂട്ടിച്ചേര്‍ത്തു.
Content Highlight: jinu joseph talks about his entry to cinema