| Wednesday, 16th March 2022, 4:36 pm

അഞ്ചെട്ട് ടേക്ക് കഴിഞ്ഞിട്ടും ആ ഡയലോഗ് ശരിയാകാതെ വന്നപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് ചോദിച്ചു, അല്ല താങ്കള്‍ ഏത് മതക്കാരനാ; ഭീഷ്മ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ജിനു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബി കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍നീരദും വീണ്ടും ഒന്നിച്ചപ്പോള്‍ അതേ കൂട്ടുകെട്ടിനൊപ്പം ഉണ്ടായിരുന്ന ഒരാളായിരുന്നു നടന്‍ ജിനു ജോസഫ്. ജിനുവിന്റെ ആദ്യ സിനിമ ബിഗ് ബി ആയിരുന്നു.

14 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മമ്മൂക്കയുടെ ഒപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ബിഗ് ബിയെന്ന് ജിനു പറയുന്നു. ഒപ്പം ലൊക്കേഷനില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ ചില രസകരമായ അനുഭവം കൂടി പങ്കുവെക്കുകയാണ് ജിനു ജോസഫ്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ചില സീനെടുക്കുന്നതിനിടെ വാക്കുകള്‍ കിട്ടാതെ താന്‍ വിഷമിച്ചതിനെ കുറിച്ചും അത് കണ്ട് മമ്മൂക്ക ചോദിച്ച ചോദ്യത്തെ കുറിച്ചുമൊക്കെ ജിനു സംസാരിക്കുന്നത്.

‘ എന്റെ ആദ്യ സിനിമ ബിഗ് ബിയാണ്. മമ്മൂക്കയും അമലുമായിട്ടാണ് ആദ്യ സിനിമ. 15 കൊല്ലത്തിന് ശേഷം വീണ്ടും മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയാണ്. മമ്മൂക്ക കുറച്ചുകൂടി യങ് ആയതായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ ആദ്യമായി സെറ്റില്‍ വന്നപ്പോള്‍ മമ്മൂക്കയെ കണ്ട് അടിമുതല്‍ മുടി വരെ നോക്കി.

ഈ സിനിമയില്‍ പുള്ളിയെ കാണാന്‍ എന്തൊരു ഗ്ലാമറാണ്. നമ്മള്‍ ശരിക്കും നോക്കിയിരുന്ന് പോകും. എന്റെ ആദ്യ സീന്‍ മമ്മൂക്ക സ്‌റ്റെപ്പില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ സംസാരിക്കുന്നതാണ്. അത് തന്നെ ഒരു പതിനഞ്ച് ടേക്ക് പോയി. എന്റെ ഒരു വാക്കില്‍ ഇങ്ങനെ സ്റ്റക്കായി സ്റ്റക്കായി നില്‍ക്കുകയാണ്. കത്തോലിക്ക എന്ന വാക്കോ മറ്റോ ആണ്.

അങ്ങനെ ഒരു അഞ്ചെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക അടുത്ത് വന്ന് എന്നോട് ചോദിച്ചു, താങ്കള്‍ ഏത് മതക്കാരനാണെന്ന്, ഞാന്‍ കത്തോലിക്ക ആണെന്ന് പറഞ്ഞപ്പോള്‍ പിന്നെന്താടോ തനിക്കിത്ര ബുദ്ധിമുട്ടെന്ന് മമ്മൂക്ക ചിരിയോടെ ചോദിച്ചു.

പക്ഷേ അദ്ദേഹം വളരെ സപ്പോര്‍ട്ടീവാണ്. നമ്മളെ ഒരിക്കലും ഡിസ്‌കറേജ് ചെയ്യില്ല. ഇത് കഴിഞ്ഞ് എനിക്കും ഒരു പാരഗ്രാഫ് വരുന്നുണ്ട്. അപ്പോള്‍ ഞാനും കുറേ അരിപെറുക്കുമെന്നൊക്കെ പറഞ്ഞ് സിറ്റുവേഷന്‍ കൂളാക്കി എന്നെ കംഫര്‍ട്ടാക്കി, ജിനു ജോസഫ് പറയുന്നു.

Content Highlight: Jinu Joseph Share an Funny Experiance with Mammootty In Bheeshmaparvam

We use cookies to give you the best possible experience. Learn more