ബിഗ് ബി എന്ന സിനിമയിലൂടെയാണ് ജിനു ജോസഫ് സിനിമയിലേക്ക് എത്തിയത്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയാണ് അദ്ദേഹത്തിന് കൂടുതല്‍ പ്രക്ഷക പ്രീതി നേടി കൊടുത്തത്. ഇപ്പോള്‍ മലയാള സിനിമയില്‍ വളരെ സജീവമാണ് താരം.
സിനിമയിലെ നിലനില്‍പ്പിനെ പറ്റി സംസാരിക്കുകയാണ് ജിനു. അഭിനയിക്കുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുകയാണെങ്കിലേ വീണ്ടും സിനിമ കിട്ടുകയുള്ളൂവെന്നും ജിനു പറഞ്ഞു. നല്ല നിലാവുള്ള രാത്രി ടീം മൂവി വേള്‍ഡ് മീഡിയയില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി വന്നിട്ട് മമ്മൂക്കയും മോഹന്‍ലാലും താമസിക്കുന്ന ഹോട്ടലില്‍ താമസിക്കണം എന്ന് പറഞ്ഞാല്‍ കിട്ടില്ല. നമ്മള്‍ ഓരോ സ്റ്റെപ്പും പതുക്കെ എടുത്തു വന്നാലെ നടക്കുകയുള്ളൂ. എന്റെ വീട്ടില്‍ പണ്ട് കുട്ടിയാന ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഞാന്‍ അഭിനയിക്കുന്നത് കാണുന്നവര്‍ക്ക് ഇഷ്ടപ്പെടണം. പ്രേക്ഷകരുടെ വാക്കാണ് അവസാന വാക്ക്. അങ്ങനെയേ അടുത്ത സിനിമ കിട്ടുകയുള്ളൂ.
ഞാന്‍ ആദ്യം പോയ സിനിമയില്‍ കസേരയും കുടയും ഒന്നും കിട്ടിയിട്ടില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് ഹോട്ടല്‍ മുറി കിട്ടും, സെറ്റിലേക്ക് വരാന്‍ വണ്ടി അയച്ചു തരാറുണ്ട്. കാരണം 15 കൊല്ലം കൊണ്ട് മുപ്പത് സിനിമ ചെയ്തു. അതുകൊണ്ട് തന്നെ അതിന്റേതായ മാറ്റം ഉണ്ട്. അല്ലാതെ ആദ്യമെ തന്നെ ഓടിപ്പോയി എല്ലാം വേണമെന്ന് പറഞ്ഞാല്‍ ഒരു കാര്യവും ഇല്ല. പിന്നെ ചോദിച്ചാലും കിട്ടില്ല,’ ജിനു ജോസഫ് പറഞ്ഞു.
താരങ്ങളാവുന്നത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണെന്നും സ്‌ക്രീനില്‍ തല കാണുമ്പോള്‍ തന്നെ കയ്യടിവാങ്ങുന്ന ലെവലില്‍ ആര്‍ടിസ്റ്റുകള്‍ എത്തിയത് വളരെ വര്‍ഷങ്ങള്‍ എടുത്തിട്ടാണെന്ന് ബിനു പപ്പുവും കൂട്ടിച്ചേര്‍ത്തു. അതുക്കൊണ്ട് തന്നെ കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് സീനിയര്‍ താരങ്ങള്‍ യോഗ്യരാണെന്നും ബിനു പപ്പു പറഞ്ഞു.
‘പത്ത് മുപ്പത്തഞ്ച് വര്‍ഷം സിനിമയില്‍ നിന്ന് അഭിനയിച്ച് തങ്ങളുടെ കഴിവ് തെളിയിച്ച് സ്‌ക്രീനില്‍ തല കാണുമ്പോള്‍ തന്നെ കയ്യടി വാങ്ങുന്ന താരങ്ങള്‍ ഉണ്ട്. അവരൊന്നും ഒന്നോ രണ്ടോ ദിവസം കൊണ്ട് വന്നവര്‍ അല്ല. അതുകൊണ്ട് തന്നെ നല്ലതുപോലെ കഷ്ടപ്പെട്ടാണ് അവര്‍ ഇത്രയും കയ്യടിക്ക് യോഗ്യരാവുന്നത്.
അവര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന എന്തു ആനുകൂല്യമാണെങ്കിലും, കിട്ടുന്നത് കാരവാന്‍ ആയാലും ഹോട്ടല്‍ മുറിയാണെങ്കിലും ആ ലെവലിലേക്ക് എത്തണമെങ്കില്‍ അവരെ റോള്‍ മോഡല്‍ ആക്കുക. എനിക്ക് നാളെ ഒരു ബെന്‍സ് കാറ് വേണമെങ്കില്‍ കാശ് വേണം. കാശ് വേണമെങ്കില്‍ പണി എടുക്കണം,’ ബിനു പപ്പു പറഞ്ഞു.
Content Highlight: jinu joseph about surviving in film field